ന്യൂഡല്‍ഹി: മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണങ്ങളില്‍ പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടിയുടെ രാജ്യസഭാ എംപി ഡെറിക് ഒബ്രിയന്‍ പറഞ്ഞു. കൃഷ്ണനഗര്‍ എംപി മഹുവക്കെതിരായ ഗുരുതരമായ ആരോപണങ്ങളില്‍ പാര്‍ട്ടി മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് തൃണമൂലിനെതിരെ ബിജെപിയുടെ രൂക്ഷമായ ആക്രമണത്തിന് ഇടയിലാണ് ഒബ്രിയന്റെ പ്രതികരണം. മഹുവ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും വിലകൂടിയ സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മൊയ്ത്രയ്‌ക്കെതിരെ ആരോപണം. ബി ജെ പി എം പിയും വ്യവസായിയുമായ നിഷികാന്ത് ദുബെയില്‍ നിന്ന് മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കുകയായിരുന്നു.
മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി നിരീക്ഷിച്ചിട്ടുണ്ടെന്ന് ഒബ്രിയന്‍ പറഞ്ഞു. ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ മഹുവയോട് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ അത് ചെയ്തിട്ടുണ്ട്. എം പിയുമായി ബന്ധപ്പെട്ട വിഷയം ആയതിനാല്‍ പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തേണ്ടതുണ്ട്. അതിന് ശേഷം പാര്‍ട്ടി തീരുമാനം എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ആരോപണം ഉയര്‍ന്നിട്ട് ദിവസങ്ങള്‍ ആയിട്ടും തൃണമൂല്‍ നേതൃത്വം വിഷയത്തില്‍ ഇതുവരെ വിശദീകരണമോ പ്രതികരണമോ നടത്തിയിട്ടില്ല. ഈ വിഷയത്തില്‍ പാര്‍ട്ടി ഒരു വാക്കുപോലും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പ്രതികരിച്ചു. ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ആരോപണത്തിന്റെ ആദ്യ ഘട്ടം മുതല്‍ മഹുവ മൊയ്ത്ര നിലപാടെടുത്തത്.