രോഗം അങ്ങനെ ഇരുത്തിക്കളയണ്ട…! ഉഷ പോരാടുകയാണ്; ജീവിതത്തിൽ നിറങ്ങൾ ‘തുന്നിച്ചേർത്ത്’ ഒരു ‘ടെലികോളർ


കാസർകോട്: ‘ഹലോ, നിങ്ങളുടെ ജിയോയുടെ കാലാവധി ഇന്ന് അവസാനിക്കും, റീചാർജ് ചെയ്യുമല്ലോ…’ പലർക്കും ഇങ്ങനെയൊരു കോൾ വന്നിട്ടുണ്ടാകും. ജിയോയുടെ ശീതീകരിച്ച കസ്‌റ്റമർ കെയർ റൂമിൽ നിന്നാണ് ഈ വിളിയെന്ന് കരുതിയെങ്കിൽ തെറ്റി. ആത്മവിശ്വാസം കൈമുതലാക്കി അസുഖത്തെ ചെറുത്ത് തോൽപ്പിക്കുന്ന കടുമേനി സ്വദേശിയായ ടിആർ ഉഷയുടെ ശബ്‌ദമാകും ചിലപ്പോൾ നിങ്ങളുടെ കാതിൽ എത്തിയിട്ടുണ്ടാകുക. മസ്‌കുലർ ഡിസ്ട്രോഫിയെന്ന രോഗം കടന്നാക്രമിച്ചപ്പോഴും അതിനെയൊക്കെ അതിജീവിച്ച് ഉഷ ജീവിതം തുന്നി ചേർക്കുകയാണ്.

ടെലികോളർ ആയി ജോലി ചെയ്യുന്ന ഉഷ കഴിഞ്ഞ 15 വർഷമായി വീൽ ചെയറിലിരുന്ന് തയ്യൽ ജോലിയും ഉപജീവനമാക്കിയിരുന്നു. ഈസ്‌റ്റ് എളേരി പഞ്ചായത്തിലെ കടുമേനി സ്വദേശിയാണ് 47കാരി ഉഷ. കടുമേനി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. പത്താം ക്ലാസ് ആയപ്പോഴേക്കും അരയ്ക്ക് താഴെ തളർന്നു. പിന്നീട് വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ഉഷ അതിജീവനത്തിന്‍റെ ചുവടുകൾ കയറി തുടങ്ങി.

മാതാപിതാക്കളും സഹോദരങ്ങളും ഒപ്പം നിന്നു. ഇലക്‌ട്രിക് വീൽ ചെയർ വാഹനം കിട്ടിയപ്പോൾ പുറത്തെല്ലാം പോകാൻ തുടങ്ങി. ക്ഷേത്രത്തിൽ ഉത്സവം കാണാനും ഉഷ പോയിരുന്നു. തയ്യല്‍ പഠിക്കുകയായിരുന്നു സഹോദരി സുജാത. ചേച്ചി വീട്ടിൽ എത്തി തയ്ക്കുമ്പോൾ ഉഷ നോക്കി നില്‍ക്കുമായിരുന്നു. അങ്ങനെയാണ് ഉഷ തയ്യൽക്കാരി ആയത്.

മോട്ടോർ ഘടിപ്പിച്ച തയ്യൽ മെഷീനും ഉണ്ട്. രോഗം വല്ലാതെ ശല്യപ്പെടുത്തിയയോടെ അത്യാവശ്യം വസ്‌ത്രങ്ങൾ മാത്രം തയ്ക്കാമെന്ന് തീരുമാനിച്ചു. ഒന്നര വർഷമായി ടെലി കോളർ ആയി ജോലി ചെയ്യാൻ തുടങ്ങിയിട്ട്. അതിൽ നിന്നും ചെറിയ വരുമാനം ലഭിക്കുന്നുണ്ട്. എല്ലാവരെയും ഇരുത്തി കളയാമെന്ന് അഹങ്കരിക്കുന്ന മസ്‌കുലർ ഡിസ്ട്രോഫി രോഗത്തോട് പൊരുതാൻ തന്നെയാണ് ഉഷയുടെ തീരുമാനം


Read Previous

കൈലാസ-മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണ; വ്യോമ ഗതാഗതവും പുനസ്ഥാപിക്കും

Read Next

പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »