ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ ബംഗളൂരു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുന്നുവെന്ന പരാമര്‍ശത്തില്‍ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരമാര്‍ശത്തില്‍ ശോഭയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ കേസെടു ത്തിരുന്നു. ഭാഷയുടെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശം എന്ന വകുപ്പില്‍ മധുര സിറ്റി പൊലീസാണ് കേന്ദ്ര മന്ത്രിയ്ക്ക് എതിരെ കേസെടുത്തത്.
മലയാളികളെയും തമിഴരെയും അധിക്ഷേപിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവം വിവാദമായതിന് പിന്നാലെ ശോഭ കരന്തലജെ തമിഴ്നാടിനോട് മാപ്പു പറഞ്ഞിരുന്നു. തമിഴ്നാട്ടുകാരെ മൊത്തത്തില്‍ ഉദ്ദേശിച്ചല്ല താന്‍ പറഞ്ഞതെന്നും തന്റെ പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും ശോഭ പറഞ്ഞു. രാമേശ്വരം കഫെയിലെ സ്‌ഫോടനം നടത്തിയ ആളുകള്‍ കൃഷ്ണഗിരി കാടുകളില്‍ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു ശോഭയുടെ വിശദീകരണം.