
റോഡ് ടെസ്റ്റ് കര്‍ശനമാക്കിയതോടെ ഡ്രൈവിങ് ലൈസന്‍സ് പരിക്ഷയിലെ വിജയശതമാനം 70-ല്‍നിന്നും 50-ലെത്തി. ദിവസം 6500 ഡ്രൈവിങ് ടെസ്റ്റുകള്‍ നടന്നിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 1800-ല്‍ താഴെമാത്രമാണ് നടക്കുന്നത്. മൂന്നുദിവസങ്ങളിലായി ഏകദേശം 6000 ടെസ്റ്റ് നടന്നതില്‍ പകുതിപേര്‍മാത്രമാണ് വിജയിച്ചത്. 80 ശതമാനവും പരാജയപ്പെട്ടത് റോഡ് ടെസ്റ്റിലാണ്.
റോഡിലെ പരിശോധനയില്‍ ഇളവുനല്‍കുന്ന ഉദ്യോഗസ്ഥരെ പിടികൂടാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചതോടെയാണ് ഈ കുറവ്. നേരത്തെ പരാജയനിരക്ക് കൂടുതലുണ്ടായിരുന്നത് ഗ്രൗണ്ട് ടെസ്റ്റ് വിഭാഗത്തില്‍പ്പെട്ട എട്ട്, എച്ച് പരിശോധനകളിലായിരുന്നു. നേരത്തെ ഒരുമിനിറ്റോളമാണ് റോഡില്‍ വാഹനം ഓടിപ്പിച്ചിരുന്നത്. ഇത് 11-12 മിനിറ്റായി ഉയര്‍ത്തിയതോടെയാണ് പരാജയനിരക്ക് കൂടിയത്.
കൂടുതല്‍ അപേക്ഷകരുള്ള സ്ഥലങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റിന് രണ്ട് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കാനുള്ള തീരുമാനവും ഉദ്യോഗസ്ഥരുടെ കുറവുകാരണം നടപ്പായില്ല. മിക്കയിടത്തും ഒരു ഉദ്യോഗസ്ഥനാണ് ടെസ്റ്റിനുള്ളത്. 40 ടെസ്റ്റുകളാണ് മിക്കവാറും ഓഫീസുകളില്‍ നടത്തുന്നത്. വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത (ഫിറ്റ്നസ്) പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് മന്ത്രി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആശാന്‍ കളരിക്ക് പുറത്ത്
ഡ്രൈവിങ് ടെസ്റ്റിന് അംഗീകൃത പരിശീലകര്‍ പഠിതാക്കളുമായി നേരിട്ടെത്തണമെന്ന നിബന്ധനയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ വലയും. സമരം ഒത്തുതീര്‍പ്പാക്കിയ ചര്‍ച്ചയില്‍ ഇക്കാര്യം മന്ത്രി മുന്നോട്ടുവെച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങാത്തതിനാല്‍ നടപ്പാക്കിയിട്ടില്ല.
ഭൂരിഭാഗം സ്‌കൂളുകളുടെയും അംഗീകൃതപരിശീലകര്‍ പഠിപ്പിക്കാറില്ല. ലൈസന്‍സ് രേഖകളില്‍ മാത്രമാകും ഇവരുണ്ടാകുക. ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ ബിരുദം, ഐ.ടി.ഐ. മെക്കാനിക്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് എന്നിവയാണ് അടിസ്ഥാനയോഗ്യതകള്‍.