ഡൽഹിക്കായുള്ള പോരാട്ടം; വോട്ടെടുപ്പ് ഇന്ന് ; മൂന്നാമൂഴത്തിന് കണ്ണും നട്ട് എഎപി, തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും ബിജെപിയും


ന്യൂഡല്‍ഹി: ബുധനാഴ്‌ച (ഇന്ന് ) രാവിലെ ഏഴ് മണിയോടെ രാജ്യതലസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. എഴുപതംഗ നിയമസഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. കനത്ത സുരക്ഷ സംവിധാനങ്ങള്‍ക്കിടയാണ് വോട്ടെടുപ്പ് നടക്കുന്നത്

മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ആം ആദ്‌മി പാര്‍ട്ടി ശക്തമായി മൂന്നാംവട്ടവും തിരിച്ച് വരാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. അതേസമയം ദേശീയ തലസ്ഥാനത്ത് എന്ത് വില കൊടുത്തും അധികാരം പിടിക്കണമെന്ന വാശിയിലാണ് കോണ്‍ഗ്രസും ബിജെപിയും.

മൊത്തം വോട്ടര്‍മാര്‍

1,56,14,000 വോട്ടര്‍മാരാണ് ഇക്കുറി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നത്. 70 മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്ന 699 സ്ഥാനാര്‍ത്ഥികളുടെ വിധി ഇവര്‍ നിശ്ചയിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 83,76,173 പുരുഷ വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 72,36,560 വനിതകളും 1,267 ഭിന്നലിംഗ വോട്ടര്‍മാരുമുണ്ട്. ഇക്കുറി ലിംഗ അനുപാതം 864 ആണ്. വോട്ടര്‍-ജനസംഖ്യാനുപാതം 71.86ശതമാനവും. അത് കൊണ്ട് തന്നെ സ്‌ത്രീ പങ്കാളിത്തം ശക്തമാകും.

യുവ വോട്ടര്‍മാര്‍

ഇക്കുറി യുവാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ശക്തമായ പങ്കാളിത്തം വോട്ടര്‍പട്ടികയിലുണ്ട്. പതിനെട്ടിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ള 2,39,905 കന്നിവോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുക. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് താത്‌പര്യം വര്‍ദ്ധിച്ചുവരുന്നുവെന്നതിന്‍റെ സൂചനയാണിത്. അതേസമയം 85 വയസിന് മുകളിലുള്ള 1,09,368 മുതിര്‍ന്ന പൗരന്‍മാരും 100 വയസിന് മുകളിലുള്ള 783 വോട്ടര്‍മാരും ജനാധിപത്യത്തിന്‍റെ ഈ മഹോത്സവത്തില്‍ പങ്കാളികളാകും. 79,885 ഭിന്നശേഷിക്കാരും 12,736 ഉദ്യോഗസ്ഥരും വോട്ടര്‍പട്ടികയിലുണ്ട്.

13,766 പോളിങ് സ്റ്റേഷനുകള്‍;

ഡല്‍ഹിയില്‍ ഇക്കുറി 13,766 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. ക്യൂമാനേജ്മെന്‍റ് സംവിധാനം (ക്യുഎം എസ്) ആപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലെ തിരക്ക് സംബന്ധിച്ച തത്സമയവിവരങ്ങള്‍ അറിയാനാകും.

മൂവായിരം പോളിങ് ബൂത്തുകള്‍ പ്രശ്‌നബാധിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 220 കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തെ സുരക്ഷ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇതിനൊപ്പം ഡല്‍ഹി പൊലീസിലെ 35,626 പൊലീസുകാരും 19000 ഹോം ഗാര്‍ഡുകളും സുരക്ഷാ ചുതലയിലുണ്ട്. ഗാര്‍ഹിക വോട്ടിങ് സംവിധാനത്തിലൂടെ 7553വോട്ടര്‍മാര്‍ ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

വോട്ടെണ്ണല്‍;

എട്ടാം തീയതിയാണ് വോട്ടെണ്ണുന്നത്. 70 അംഗ നിയമസഭയില്‍ 12 സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്‌തിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കടുത്ത ആരോപണങ്ങളാണ് 2015മുതല്‍ അധികാരത്തിലിരിക്കുന്ന എഎപി ബിെജപിക്കെതിരെ ഉയര്‍ത്തിയത്. അതേസമയം കോണ്‍ഗ്രസ് കെജ്‌രിവാളിനെതിെര ശക്തമായ ആക്രമണം അഴിച്ചുവിട്ടു.

2020 തെരഞ്ഞെടുപ്പില്‍ എഎപി 70 ല്‍ 62സീറ്റുകളും സ്വന്തമാക്കി വന്‍ ഭൂരിപക്ഷത്തിലാണ് അധികാര ത്തിലേറിയത്. കെജ്‌രിവാളിന്‍റെ നേതൃത്വത്തിലാണ് എഎപി പ്രചാരണം നടത്തിയത്. അതേസമയം ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും രംഗത്ത് ഇറങ്ങി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു.

ഇതിനിടെ ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആര്‍ ആലീസ് വാസ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് നേരിട്ടെത്തി അവരുടെ വോട്ടര്‍ വിവര സ്ലിപ് കൈമാറി. ഇവര്‍ക്കൊപ്പം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ സണ്ണി കുമാര്‍ സിങും ബൂത്ത് ലെവല്‍ ഓഫീസര്‍ സുരേഷ് ഗിരിയും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ഇവര്‍ രാഷ്‌ട്രപതിയെ ധരിപ്പിച്ചു. തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ കമ്മീഷന്‍ കൈക്കൊണ്ടി ട്ടുള്ള നടപടികളും അവര്‍ വിശദീകരിച്ചു.

ഈ മാസം 23ന് ഡല്‍ഹി നിയമസഭയുടെ കാലാവധി അവസാനിക്കും. അതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കി പുതിയ സഭ ചുമതലയേല്‍ക്കേണ്ടതുണ്ട്.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് 2025

  • വിജ്ഞാപനം -ജനുവരി 10
  • നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തീയതി -ജനുവരി 17
  • നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധന-ജനുവരി 18
  • നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി -ജനുവരി 20
  • വോട്ടെടുപ്പ്- ഫെബ്രുവരി അഞ്ച്
  • വോട്ടെണ്ണല്‍-ഫെബ്രുവരി 8

തിരിച്ചറിയല്‍ രേഖകള്‍

നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പുകള്‍ വീടുകളില്‍ എത്തിച്ച് കഴിഞ്ഞതായി ഡല്‍ഹിയിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു കഴിഞ്ഞു. വോട്ടര്‍ സ്ലിപ് കിട്ടാത്തവര്‍ വോട്ടര്‍ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയോ ഡല്‍ഹി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റ് വഴിയോ പരിശോധിച്ച് തങ്ങളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടോയെന്ന് ഉറപ്പാക്കേണ്ടതാണ്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് താഴെപ്പറയുന്ന 12 തിരിച്ചറിയല്‍ രേഖകളിലേതെങ്കിലും ഉപയോഗിച്ച് വോട്ട് ചെയ്യാനാകും.

  1. തിരിച്ചറിയല്‍ കാര്‍ഡ്
  2. ആധാര്‍ കാര്‍ഡ്
  3. പാസ്പോര്‍ട്ട്
  4. ബാങ്കുകളോ പോസ്റ്റോഫീസുകളോ നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകള്‍
  5. ഡ്രൈവിങ് ലൈസന്‍സ്
  6. പാന്‍കാര്‍ഡ്
  7. തൊഴിലുറപ്പ് കാര്‍ഡ്
  8. സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് നല്‍കുന്ന ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്
  9. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്‌മാര്‍ട്ട് കാര്‍ഡ്
  10. തൊഴില്‍ മന്ത്രാലയം നല്‍കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്‌മാര്‍ട്ട് കാര്‍ഡ്
  11. എംഎല്‍എയോ എംപിയോ നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്
  12. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയോ പൊതുമേഖല സ്ഥാപനങ്ങളുടെയോ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള തിരിച്ചറയില്‍ കാര്‍ഡ്.


Read Previous

പോയ വർഷം വിമാനങ്ങൾക്ക് നേരെ 728 ബോംബ് ഭീഷണികൾ, അറസ്റ്റിലായത് 13 പേർ; സുരക്ഷ ശക്തമാക്കാൻ വ്യോമയാന മന്ത്രാലയം

Read Next

മഹാത്മ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന മഹാദേവ ദേശായി; ചരിത്രത്തിൻറെ അപൂർവത പേറുന്ന ‘മഹാദേവ’ ഗ്രാമം; ആ ഓർമ്മയിൽ പിറവികൊണ്ട ഗ്രന്ഥാലയവും, സ്വാതന്ത്ര്യ സമര ചരിത്രം പേറുന്ന പയ്യന്നൂർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »