ന്യൂഡല്‍ഹി: പണപ്പെരുപ്പം കുറയ്ക്കുക എന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ചില്ലറ പണപ്പെ രുപ്പ നിരക്ക് 2-6 ശതമാനത്തിനുള്ളില്‍ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. അടുത്തിടെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ പ്രവണത മിതമായതായും ലോക്‌സഭയില്‍ ബജറ്റിന്മേ ലുള്ള ചര്‍ച്ചയ്ക്ക് മറുപടിയായി നിര്‍മല സീതാരാമന്‍ പറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ 5.4 ശതമാനം വളര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വേഗത്തിലുള്ള തിരിച്ചുവരവിന്റെ പാതയിലാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുന്നു വെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
2026 സാമ്പത്തിക വര്‍ഷത്തില്‍ വായ്പയെടുക്കുന്നതിന്റെ 99 ശതമാനവും മൂലധന ചെലവുകള്‍ക്ക് ആണ് ചെലവഴിക്കുന്നത് എന്ന് ഉറപ്പാക്കും. ജനങ്ങളുടെ കൈകളില്‍ പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തുന്നതിനും ബജറ്റ് വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി നിരക്കുകള്‍ കുറഞ്ഞു. ശരാശരി ജിഎസ്ടി നിരക്ക് 15.8 ശതമാനത്തില്‍ നിന്ന് 11.3 ശതമാനമായി കുറഞ്ഞതായും ധനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ചോദ്യോത്തര വേളയിലാണ് നിര്‍മല സീതാരാമന്റെ മറുപടി.
എന്നാല്‍ രാജ്യത്ത് വിലക്കയറ്റം കുറഞ്ഞെന്ന നിര്‍മല സീതാരാമന്റെ മറുപടിയെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.’അവര്‍ ഏത് ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് എനിക്കറിയില്ല. പണപ്പെരുപ്പമില്ല, തൊഴിലില്ലായ്മയും ഉയരുന്നില്ല, വിലക്കയറ്റവുമില്ലെന്നാണ് അവര്‍ പറയുന്നത്’- പ്രിയങ്ക ഗാന്ധി പരിഹസിച്ചു.