ബിഹാറിന് പ്രത്യേക പദവി എന്ന ബ്രഹ്മാസ്ത്രം വീണ്ടും പുറത്തെടുത്ത് ജെഡിയു; അംഗീകരിച്ചാല്‍ ടിഡിപി അടങ്ങിയിരിക്കില്ല: മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ തലവേദന


ന്യൂഡല്‍ഹി: ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ഊര്‍ജിതമാക്കാന്‍ ജെഡിയു. പുതിയ സര്‍ക്കാര്‍ രൂപീകരണം, എംപിമാരുടെ സത്യപ്രതിജ്ഞ എന്നിവക്ക് ശേഷം ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യം വീണ്ടും ജെഡിയു ഉന്നയിച്ചത്.

നിതീഷ് കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ കേന്ദ്ര മന്ത്രിമാരും പാര്‍ട്ടി എംപിമാരും മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. യോഗത്തില്‍ പല സുപ്രധാന തീരുമാനങ്ങളും ആവശ്യങ്ങളും ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിനോടുള്ള ദീര്‍ഘ കാലമായുള്ള ആവശ്യമായ ബിഹാറിന് പ്രത്യേക പദവി എന്നത് ഉടന്‍ നല്‍കണം എന്ന് പാര്‍ട്ടി തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.

യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ നിര്‍ദേശത്തിലാണ് ആവശ്യം ആവര്‍ത്തിച്ചത്. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജും ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ബീഹാര്‍ മന്ത്രിസഭ പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ബീഹാറിലെ രാഷ്ട്രീ യ നേതാക്കളെല്ലാ വരും സംസ്ഥാനത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂണ്ടി ക്കാട്ടി പ്രത്യേക പദവിക്ക് വേണ്ടി ദീര്‍ഘകാലമായി വാദിക്കുന്നുണ്ട്.

ഈ പദവി കൈവരിച്ചാല്‍ കേന്ദ്രത്തില്‍ നിന്നുള്ള നികുതി വരുമാനത്തില്‍ സംസ്ഥാ നത്തിന്റെ വിഹിതം വര്‍ധിപ്പിക്കും. കൂടാതെ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങള്‍, പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ എന്നിവര്‍ക്കുള്ള സംവരണം ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ജെഡിയു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യ പ്പെട്ടിട്ടുണ്ട്. ഇത് നേരത്തെ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പാട്ന ഹൈ ക്കോടതി റദ്ദാക്കുകയായിരുന്നു.

ദേശീയ എക്‌സിക്യൂട്ടീവ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസം പ്രകടിപ്പിക്കുകയും അദേഹത്തിന്റെ നിര്‍ദേശ പ്രകാരം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തു. ബീഹാറിലെ 243 അംഗ നിയമസഭയിലേക്ക് 2025 ഒക്ടോബറില്‍ ആണ് വോട്ടെടുപ്പ് നടക്കുക. 2024 ലെ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും തീരുമാനമായി. അതിനിടെ പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സഞ്ജയ് ഝായെ ജെഡിയു വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തു.

ഇത്തവണ ബിജെപിക്ക് ലോക്സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് എന്‍ഡിഎ പാളയത്തില്‍ തിരിച്ചെ ത്തിയ ജെഡിയു, ടിഡിപി കക്ഷികളുടെ പിന്‍ബലത്തിലാണ് മൂന്നാം എന്‍ഡിഎ അധികാരത്തില്‍ വന്നത്. ലോക്‌സഭയില്‍ 12 സീറ്റുകളുള്ള ജെഡിയുവിന്റെ പിന്തുണ നിര്‍ണായകമായതിനാല്‍ ബിഹാറിന് പ്രത്യേക കാറ്റഗറി പദവി എന്ന ആഹ്വാനത്തിന് ഈ സമയത്ത് വലിയ പ്രാധാന്യമുണ്ട്.

കാലങ്ങളായുള്ള ആവശ്യം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ സമ്മ ര്‍ദ്ദം ചെലുത്തി നേടിയെടുക്കാം എന്നാണ് ജെഡിയുവിന്റെ കണക്കുകൂട്ടല്‍. പ്രത്യേക പദവി ലഭിച്ചാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് ജെഡിയുവിന് നല്‍കുന്ന ഊര്‍ജം ചെറുതായിരിക്കില്ല.

എന്നാല്‍ ബിഹാറിന് പ്രത്യേക പദവി എന്ന ആവശ്യം ശക്തമായാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. ലോക്‌സഭയില്‍ 16 എംപിമാരുള്ള ടിഡിപിയും ഇതേ ആവശ്യം ഉന്നയിക്കും. ഇനി രണ്ട് സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കി പ്രതിസന്ധിയില്‍ നിന്ന് കരകയറാമെന്ന് തീരുമാനിച്ചാല്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മുന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടും.


Read Previous

കെ.എൻ.എം പൊതു പരീക്ഷ ഗൾഫ് സെക്ടറിൽ റിയാദ് സലഫി മദ്റസക്ക് 100% വിജയവും റെക്കോർഡ് എ പ്ലസും

Read Next

ഞാന്‍ ചെറുപ്പമല്ല’; പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ കനത്ത പ്രഹരമേറ്റതിനു പിന്നാലെ പ്രതികരണവുമായി ബൈഡന്‍: ട്രംപിനെ അനുകൂലിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular