ഇടുക്കി: മഴ ശക്തമായി പെയ്യുകയാണ്. കന്നിമല, നല്ലതണ്ണി, മുതിരപ്പുഴയാറുകളില്‍ മഴയും ജലനിരപ്പും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ 1924ലെ വെള്ളപ്പൊക്കമാണ് മൂന്നാറിന് ഓര്‍ത്തെടുക്കാനുള്ളത്. 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന അന്നത്തെ ഓര്‍മകള്‍ അത്രയേറെ ദുരനുഭവങ്ങളാണ് നല്‍കിയിട്ടുള്ളത്.

ബ്രിട്ടീഷ് രേഖകള്‍ പ്രകാരമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് 1924 ജൂലൈ 16 ന് മലയോര മേഖലയായ മൂന്നാറില്‍ ഒരു ദിവസം രേഖപ്പെടുത്തിയത് 1.25 ഇഞ്ച് മഴയാണ്. ഇടവേളകളില്ലാതെയുള്ള പെയ്ത്തില്‍ ജൂലൈ 17ന് 13 ഇഞ്ച് മഴയാണ് പെയ്തത്. മൂന്നാര്‍ ഹില്‍ സ്റ്റേഷന്‍ മൂന്ന് ദിവസത്തോളം വെള്ളത്തിനടിയിലായി.’
തോട്ടം മേഖലയിലാണ് ഏറ്റവും ദുരിതം വിതച്ചത്. നിരവധി കെട്ടിടങ്ങളും പള്ളികളും റോഡുകളും പാലങ്ങളും പൂര്‍ണമായും ഒലിച്ചു പോയി. കോതമംഗലം, കുട്ടമ്പുഴ, മാങ്കുളം വഴിയുള്ള പഴ ആലുവ-മൂന്നാര്‍ റൂട്ടില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നു. ഇന്നത്തെ ആധുനിക പട്ടണങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ മോണോ റെയില്‍ കുണ്ടള വാലി ഒലിച്ചു പോയി. മഹാപ്രളയത്തില്‍ സ്റ്റേഷനുകളും പാളങ്ങളുമുള്‍പ്പെടെ സകലതും ഒലിച്ചു പോയി. പലതും പുനര്‍നിര്‍മിക്കാന്‍ കഴിയാതെ ഓര്‍മ മാത്രമായി.
ഒരു നൂറ്റാണ്ടിന് മുമ്പ് ഇതുപോലെ കാലവര്‍ഷത്തില്‍ ഇതേ സമയത്താണ് തിങ്കളാഴ്ച മുതല്‍ നല്ലതണ്ണി, കന്നിമല, കുണ്ടള നദികള്‍ കരകവിഞ്ഞൊഴുകുന്നത്. 2022ല്‍ സംസ്ഥാന ജലവിഭവ വകുപ്പ് മുതിരപ്പുഴയിലും അതിന്റെ കൈവഴികളിലും ഓപ്പറേഷന്‍ സ്മൂത്ത് ഫ്‌ളോ പദ്ധതി വിജയകരമായി നടപ്പാക്കുന്നത് വരെ മൂന്നാറില്‍ മുതിരപ്പുഴയിലെ വെള്ളപ്പൊക്കം പതിവായിരുന്നു. നദികളുടെ വീതി കൂട്ടുന്നതി നൊപ്പം 1.20 ലക്ഷം ക്യുബിക് മീറ്റര്‍ ചെളി നീക്കം ചെയ്തതായി മൂന്നാര്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ചൊവ്വാഴ്ച പെയ്ത കനത്ത മഴയില്‍ കല്ലാര്‍, മൂന്നാര്‍, കോളനി, മൂന്നാര്‍- പെരിയവരൈ റൂട്ടില്‍ ഉള്‍പ്പെടെ വിവിധി ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് വീണു. ഗ്യാപ്പ് റോഡില്‍ ഗതാഗതം നിരോധിച്ചു. 99ലെ വെള്ളപ്പൊക്കത്തിന്റെ നൂറാം വാര്‍ഷികം ജൂലൈ 17 മുതല്‍ മൂന്നാറിലെ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജിലെ പരിപാടിയില്‍ ആചരിക്കും. 1924ലെ വെള്ളപ്പൊക്കത്തില്‍ എടുത്ത അപൂര്‍വ ഫോട്ടോകളുടെ പ്രദര്‍ശനവും നടത്തും. ഇന്ന് വൈകിട്ട് ആറിന് ഗാന്ധി പ്രതിമക്ക് സമീപം 100 പേര്‍ വിളക്ക് തെളിക്കും.