തിരുവനന്തപുരം: സമൂഹത്തിലെ പെരുകുന്ന മയക്കു മരുന്ന് ഉപയോഗത്തില്‍ വലിയ ആശങ്കയിലാണെന്ന് പാചക വിദഗ്ദന്‍ ഷെഫ് സുരേഷ് പിള്ള. ഏഷ്യാനെറ്റ് ന്യൂസിന്റെ ലഹരി വിരുദ്ധ ക്യാംപെയിന്‍ ആയ ചില്‍ കേരള ലൈവത്തോണില്‍ ആയിരുന്നു ഷെഫ് പിള്ളയുടെ പ്രതികരണം. നേരത്തെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ 25 വയസിനു ശേഷമോ, ഇതിന്റെ വരും വരായ്കള്‍ അറിയുന്നവരോ മാത്രം ചെയ്തിരുന്ന ഒരു പ്രവൃത്തിയായിരുന്നു. എന്നാലിപ്പോള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ഏറ്റവും താഴത്തെ പ്രായത്തിലേക്ക് നമ്മളെത്തി എന്നുള്ളതാണ് സമൂഹത്തിന്റെ വിപത്തെന്നും അദ്ദേഹം പ്രതികരിച്ചു.

ഒരു സ്കൂള്‍ കുട്ടി ഇതുപയോഗിക്കുമ്പോള്‍ ഇതിന്റെ വരും വരായ്കള്‍ അവര്‍ അറിയുന്നില്ല. തന്റെ ഇരുപതുകളിലൊക്കെ വയലന്‍സിനെ ഒരു കുറ്റമായിട്ടാണ് കണ്ടിരുന്നത്. ആ കുറ്റബോധമൊക്കെ ഇപ്പോള്‍ നോര്‍മലൈസ് ആയി. ഇതൊരു കൊലപാതകത്തിലേക്ക് എത്തുന്നത് പോലും വളരെ സാധാരണമായൊരു കാലഘട്ടത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. കേസിനോടോ കോടതിയോടോ ഒന്നും ഭയമില്ലാതെയായി. പണ്ടൊക്കെ ഒരു 20 വയസുകാരന് ദൂരെയുള്ള ഒരു പൊലീസുകാരനെ കണ്ടാല്‍ പോലും ഭയമായിരുന്നു. സ്വാതന്ത്യം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് പോലും സംശയമാണ്. ഇതെല്ലാം സ്വാധീനിക്കപ്പെടുന്നുണ്ട്. കുട്ടികളിലേക്ക് ലഹരിയെത്താതെ നോക്കേണ്ടത് ഒരു സാമൂഹിക ഉത്തരവാദിത്തം ആണെന്നും അദ്ദേഹം പ്രതികരിച്ചു. സന്തോഷം എന്ന അവസ്ഥ മാറിക്കൊണ്ടേയിരിക്കുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് 1 മണിക്കൂര്‍ പോലും അവരുടെ സന്തോഷത്തിന് ആയുസില്ലാതെയായിരിക്കുന്നു. ജീവിത ശൈലിയിലും മാറ്റമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.