യുവാക്കള്‍ പ്രതികളാവുന്ന കൂട്ടക്കൊലപാതകങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുമ്പോള്‍ വ്യാപകമായ മയക്കുമരുന്ന് ഉപയോഗത്തിലേക്കാണ് പലരും ആദ്യവിരല്‍ ചൂണ്ടുന്നത്. അത് ശരിവയ്ക്കും വിധത്തി ലാണ് മിക്ക കേസുകളിലും പ്രതികളാവുന്നവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന പൊലീസിന്റെ കണ്ടെത്തല്‍.

എന്നാല്‍ ഇതിനൊപ്പം തന്നെ ചേര്‍ത്തു കാണേണ്ടതാണ്, സിനിമകളിലെ വയലന്‍സ് എന്നുകൂടി ചൂണ്ടി ക്കാട്ടുന്നു സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പലരും. തിരുവനന്തപുരത്ത് ബന്ധുക്കളെയും കൂട്ടുകാരിയെയും യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത വന്നതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച ഇതാണ്.
ഈ പശ്ചാത്തലത്തില്‍ ചെറിയൊരു കുറിപ്പു പങ്കുവയ്ക്കുകയാണ്, എഴുത്തുകാരന്‍ റഫീഖ് അഹമ്മദ് ഫെയ്‌സ്ബുക്കില്‍. ഇന്ന് മിക്കവാറും സിനിമകളിലെ നായകര്‍ പിന്നില്‍ വടിവാളോടു കൂടിയ, മുടി കാറ്റില്‍ പറത്തിയ വാടകക്കൊലയാളികള്‍ ആയി മാറിയിരിക്കുന്നെന്ന് പറയുന്നു അദ്ദേഹം. കുറിപ്പ് ഇങ്ങനെ: ഒരു കാലത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍, മാഷ്, സത്യസന്ധനായ പൊലീസുകാരന്‍, വിഷാദ കാമുകന്‍, നിത്യ പ്രണയി, തൊഴിലാളി, മുതലായവരായിരുന്നു സിനിമകളിലെ നായകര്‍. അവരെ അപക്വ കൗമാരം ആരാധിക്കുകയും അനുകരിക്കുകയും ചെയ്തിരുന്നു.
ഇന്ന് ഒട്ടുമിക്കവാറും സിനിമകളിലെ നായകര്‍ പിന്നില്‍ വിടവാളോടുകൂടിയ മുടി കാറ്റില്‍ പറത്തിയ ബൈക്ക് വാഹനരായ വാടകക്കൊലയാളികള്‍ ആയി മാറിയിരിക്കുന്നു. അതിനെക്കുറിച്ച് മിണ്ടിയില്‍ തന്ത വൈബ് ആവുകയും ചെയ്യും.
സിനിമകള്‍ സമൂഹത്തെ അക്രമവത്കരിക്കുന്നതില്‍ എത്രത്തോളം പങ്കു വഹിക്കുന്നുണ്ടെന്ന ചര്‍ച്ച കൊഴുക്കുകയാണ്, റഫീഖ് അഹമ്മദിന്റെ പോസ്റ്റില്‍. തലങ്ങും വിലങ്ങും മനുഷ്യരെ വെട്ടിക്കൊല്ലുന്ന സിനിമകള്‍ നൂറു കോടി ക്ലബില്‍ കയറുന്ന കാലം മാറുന്ന മലയാളിയെയാണ് കാണിച്ചു തരുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു.