കേരളത്തിലെ വടക്കന്‍ ജില്ലയിലെ മണ്ണിനടിയില്‍ ഒളിഞ്ഞിരിക്കുന്നത് ആയിരക്കണക്കിന് കോടിയുടെ മുതല്‍. 0.21 ദശലക്ഷം ബോക്‌സൈറ്റും 5.14 ദശലക്ഷം ടണ്‍ അലുമിനസ് ലാറ്ററൈറ്റുമാണ് വടക്കന്‍ ജില്ലയായ കാസര്‍കോട് സ്ഥിതി ചെയ്യുന്നത്. കാറഡുക്ക നാര്‍ളം മേഖലയിലാണ് കേരളത്തിലെ ഏറ്റവും വലിയ ബോക്‌സൈറ്റ് ശേഖരം ഉള്ളത്. 5000 കോടി രൂപയോളം വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നത്

കാറഡുക്ക വണ്ണാച്ചെടവ് പയ്യനടുക്കം മുതല്‍ കൊട്ടംകുഴി കല്ലളിപ്പാറ വരെ എട്ട് ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ അതായത് 100 -120 ഹെക്ടറില്‍ ഖനനം നടത്താമെന്നാണ് പ്രാഥമിക സര്‍വേയുടെ കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ വാണിജ്യപരമായി ഖനനം ചെയ്യാവുന്ന ധാതുക്കളുടെ സാന്നിധ്യം ഈ മേഖലയില്‍ സ്ഥിരീകരിച്ചിരുന്നു.
വിശദ പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ അലുമിനിയം വേര്‍തിരിച്ചെടുക്കാനും സിമന്റ് നിര്‍മാണത്തിനുമുപയോഗിക്കുന്ന ബോക്‌സൈറ്റിന്റെ ഖനനാവകാശം ലേലം ചെയ്യാനും കഴിയും. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയുമായി ചേര്‍ന്ന് അക്കേഷ്യ കാടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. എന്നാല്‍ ഖനന പ്രക്രിയ ആരംഭിച്ച് കഴിഞ്ഞാല്‍ വെറും അഞ്ച് മീറ്റര്‍ മാത്രം ആഴത്തില്‍ ഖനനം ചെയ്താല്‍ മതിയാകും. അതുകൊണ്ട് തന്നെ പരിസ്ഥിതി ആഘാതം സംബന്ധിച്ച ആശങ്കകള്‍ നിലവിലില്ല എന്നതും അനുകൂല ഘടകമാണ്.