ടെൽ അവീവ്: യുദ്ധഭീഷണിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയോടെ ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി. നാല് മണിക്കൂർ നീണ്ട മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ആഹ്വാനം. ശനിയാഴ്ചയ്ക്കകം എല്ലാ ബന്ദികളേയും മോചിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ ആവശ്യത്തോട് വഴങ്ങിയി ല്ലെങ്കിൽ ഹമാസിനെതിരെ ‘നരകത്തിന്റെ കവാടങ്ങൾ” തുറക്കുമെന്നും പറഞ്ഞു.

എത്ര ബന്ദികളെ മോചിപ്പിക്കണമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.മുഴുവൻ ബന്ദികളെയും വിട്ടയക്കാത്ത പക്ഷം ഇസ്രയേൽ സമാധാന കരാർ റദ്ദാക്കണമെന്നും നരകം തുറക്കട്ടെയെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.വെടിനിറുത്തൽ കരാർ ലംഘിച്ചെന്നാരോപിച്ച് ബന്ദികളെ കൈമാറില്ലെന്ന് കഴിഞ്ഞ ദിവസം ഹമാസ് ഭീഷണിമുഴക്കിയിരുന്നു. ഇതോടെയാണ് മദ്ധ്യപൂർവദേശ വിഷയത്തിൽ യുഎസ് പ്രസിഡന്റ് വീണ്ടും ഇടപെട്ടത്. ഹമാസിന്റെ നീക്കത്തെ ‘ഭയാനകം’ എന്ന് വിശേഷിപ്പിക്കുകയും വെടിനിർത്തലിനു ശേഷം എന്തു ചെയ്യണമെന്ന് ഇസ്രയേൽ തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നറിയിപ്പിനു പിന്നിലെ വസ്തുതകൾ എന്താണെന്ന് ട്രംപ് വിശദീകരിച്ചിരുന്നില്ല. എന്നാൽ താൻ പറഞ്ഞത് ഹമാസിന് മനസിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, എന്ത് അധികാരത്തിലാണ് യു.എസ് ഇതു ചെയ്യാൻ പോകുന്നതെന്നു ട്രംപ് വ്യക്തമാക്കിയില്ല.
അതേസമയം ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരേ മറുപടിയുമായി മുതിർന്ന ഹമാസ് നേതാവ് സമി അബു സുഹ്രി രംഗത്ത്. ഇരുരാജ്യങ്ങളും ഒരുപോലെ മാനിക്കേണ്ട ഉടമ്പടി തയാറാക്കിയിട്ടുണ്ടെന്നും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള മാർഗം അത് മാത്രമാണെന്നും ഭീഷണിയുടെ ഭാഷ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കാനെ വഴിയുള്ളുയെന്ന് സമി അബു സുഹ്രി ഓർമ്മപ്പെടുത്തി. ഗാസ സ്വന്തമാക്കുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.