ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിൻ. തമിഴ്‌നാടിന്‍റെ ക്ഷേമത്തിനും ഭാവിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യില്ലെന്നും ഹിന്ദി അടിച്ചേൽപ്പി ക്കലിനെ ശക്തമായി ചെറുക്കുമെന്നുമെന്നും അദ്ദേഹം തന്‍റെ ജന്മദിനത്തില്‍ പ്രതിജ്ഞയെടുത്തു.

കഴിഞ്ഞ ദിവസമായിരുന്നു സ്‌റ്റാലിന്‍റെ ജന്മദിനം. ചെപ്പോക്ക്-തിരുവള്ളിക്കേണി നിയോജകമണ്ഡലത്തി ലെ ലേഡി വില്ലിങ്‌ടൺ ഗവൺമെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2025-26 അധ്യയന വർഷ ത്തേക്കുള്ള വിദ്യാർഥി പ്രവേശനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് ഹിന്ദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്‌റ്റാലിൻ രംഗത്തെത്തിയത്.
“ഇന്നലെ എന്‍റെ ജന്മദിന റാലിയിൽ ഇന്ത്യാ സഖ്യത്തിലെ നേതാക്കൾ പങ്കെടുത്തു. ആ ഘട്ടത്തിൽ, തമിഴ്‌നാട് സ്വയംഭരണം ആവശ്യപ്പെടുന്നുവെന്നും, ഹിന്ദി അടിച്ചേൽപ്പിക്കൽ നിരസിക്കുന്നുവെന്നും, ദ്വിഭാഷാ നയം ഉയർത്തിപ്പിടിക്കുന്നുവെന്നും ഞാൻ ആവർത്തിച്ചു. ഇതാണ് എന്‍റെ ജന്മദിന സന്ദേശം,” സ്റ്റാലിൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു.
‘ഈ എഐ യുഗത്തിൽ, സ്‌കൂളുകളിൽ മൂന്നാം ഭാഷയായി ഏതെങ്കിലും ഭാഷയെ നിർബന്ധിക്കുന്നത് അനാവശ്യമാണ്. നൂതന വിവർത്തന സാങ്കേതികവിദ്യ ഇതിനകം തന്നെ ഭാഷയുമായി ബന്ധപ്പെട്ടുള്ള തടസങ്ങള്‍ ഇല്ലാതാക്കുന്നു. വിദ്യാർഥികൾക്ക് അധിക ഭാഷകളിൽ ഭാരം ചുമത്തരുത്. ശാസ്‌ത്ര സാങ്കേതിക വിദ്യയിൽ വൈദഗ്ദ്ധ്യം നേടുന്നതിനൊപ്പം അവർ അവരുടെ മാതൃഭാഷയും ഇംഗ്ലീഷും പഠിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ആവശ്യമെങ്കിൽ, അവർക്ക് പിന്നീട് ഏത് ഭാഷയും പഠിക്കാം. ഭാഷാപരമായ അടിച്ചേൽപ്പിക്കലല്ല, നവീകരണത്തിലാണ് യഥാർഥ പുരോഗതി സ്ഥിതിചെയ്യുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തന്‍റെ 72-ാം ജന്മദിനത്തില്‍ രാഷ്‌ട്രീയ നേതാക്കൾ, പാർട്ടി പ്രവർത്തകർ, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവർ ആശംസകൾ അർപ്പിച്ചു. സി.എൻ. അണ്ണാദുരൈ, എം. കരുണാനിധി എന്നിവരുടെ സ്‌മാരകങ്ങളിൽ സ്‌റ്റാലിൻ പുഷ്‌പാർച്ചന നടത്തി. പ്രമുഖ സാമൂഹിക പ്രവർത്തകനും ദ്രാവിഡ രാഷ്‌ട്രീയത്തിന്‍റെ ശിൽപ്പിയുമായ പെരിയാർ എന്നറിയപ്പെടുന്ന ഈറോഡ് വെങ്കടപ്പ രാമസാമിയുടെ പ്രതിമയിലും സ്റ്റാലിൻ പുഷ്‌പാര്‍ച്ചന നടത്തി.