
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ കൈക്കൊണ്ട നടപടികള്‍ പാകി സ്ഥാന് മേല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും. ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ സഹായം നല്‍കിയെന്ന് ആരോപിച്ച് ഇന്ത്യ അഞ്ച് നടപടികളാണ് പ്രഖ്യാപിച്ചത്. അട്ടാരി അതിര്‍ത്തി അടയ്ക്കുക. പാക് പൗരന്‍മാര്‍ക്ക് യാത്ര വിലക്ക്. പാക്ക് പൗരന്‍മാര്‍ 48 മണിക്കൂറില്‍ ഇന്ത്യവിടുക. നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുക എന്നിവയ്ക്ക് ഒപ്പം പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും ഇന്ത്യ മരവിപ്പിച്ചു.
കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതോടെ പാകിസ്ഥാന്‍ നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാകു മെന്നാണ് വിലയിരുത്തുലുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷം പ്രഖ്യാപിച്ച തീരുമാനങ്ങളില്‍ പാകിസ്ഥാന് ഏറ്റവും വലിയ പ്രഹരമാകാന്‍ പോകുന്നതും കരാര്‍ റദ്ദാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ നടപടിയാണ്.
പാകിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ ജലലഭ്യത പൂര്‍ണമായും ബാധിക്കുന്ന നിലയിലേക്ക് എത്തിക്കു ന്നതായിരിക്കും ഈ തീരുമാനം. സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചു വരുന്നത്. ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍ പാകിസ്ഥാന്‍ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും.
പാകിസ്ഥാനിലെ പ്രധാന കാർഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തു ന്ന തില്‍ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. വെള്ളം ലഭ്യത കുറയുന്ന നിലയുണ്ടായാല്‍ പഞ്ചാബിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകും സാമ്പത്തിക വെല്ലുവിളികള്‍ ഇതിനോടകം രൂക്ഷ മായ പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ ഭാവി അത്ര സുഖകരമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
സിന്ധു ജല ഉടമ്പടി
സിന്ധു നദി, അതിന്റെ പോഷകനദികള്‍ എന്നിവയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. 1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയില്‍ വച്ച് ഒപ്പുവച്ച ഉടമ്പടി പ്രകാരം ബിയാസ്, രവി, സത്‌ലജ് എന്നിവയുടെ ജലത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇന്ത്യയ്ക്കും സിന്ധു, ചെനാബ്, ഝലം എന്നിവയിലെ ജലത്തിന്റെ നിയന്ത്രണം പാകിസ്ഥാനുമാണ്. ഇതു പ്രകാരം സിന്ധു നദീജല സംവിധാനത്തിലെ മൊത്തം ജലത്തിന്റെ ഏകദേശം 20 ശതമാനം ഇന്ത്യയ്ക്കും ബാക്കി 80 ശതമാനം പാകിസ്ഥാനും ഉപയോഗിക്കാന്‍ കഴിയും. ഇന്ത്യയില്‍ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ ഉപയോഗത്തില്‍ വലിയ വിട്ടുവീഴ്ചയാണ് ഇന്ത്യ കരാര്‍ പ്രകാരം ചെയ്തിരുന്നത്.
ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ഒമ്പത് വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലായിരുന്നു കരാര്‍ സാധ്യമായത്. ആഗോള തലത്തില്‍ വലിയ പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ള കരാര്‍ ഇന്ത്യയും പാകി സ്ഥാനും തമ്മിലുള്ള ബന്ധം പല തവണ വഷളായപ്പോഴും പുനഃപരിശോധിച്ചിരുന്നില്ല. 65 വര്‍ഷത്തിനു ശേഷം ഇന്ത്യ പാകിസ്ഥാന് മേല്‍ ഏല്‍പ്പിച്ചിരിക്കുന്ന വലിയ പ്രഹരമായാണ് കരാര്‍ റദ്ദാക്കലിനെ കാണുന്നത്.
സിന്ധു നദീജല ഉടമ്പടിയുടെ പ്രാധാന്യം
സഹകരണ മാതൃക: അതിര്‍ത്തി കടന്നുള്ള ജലം പങ്കിടലില്‍ ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഏക കരാറാണ് സിന്ധു നദീജല ഉടമ്പടി. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന്യം കൂടിയായിരുന്നു കരാര്‍ ഉയര്‍ത്തിക്കാട്ടിയത്.
ജലപ്രവാഹം ലഭിക്കുന്ന രാഷ്ട്രത്തിന് അനുകൂലം: ഉടമ്പടി പ്രകാരം ഉത്ഭവത്തിന് അപ്പുറത്ത് ജല പ്രവാഹം ലഭിക്കുന്ന പാകിസ്ഥാന് അനുകൂലമായിരുന്നു കരാര്‍. സിന്ധു നദീജല സംവിധാനത്തിന്റെ ഏകദേശം 80 ശതമാനം വെള്ളം പാകിസ്ഥാന് ഉപയോഗിക്കാന്‍ കഴിയും. 1944 ലെ യുഎസ് മെക്‌സികോ ജല ഉടമ്പടി പ്രകാരം മെക്‌സിക്കോയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ ഏകദേശം 90 മടങ്ങ് കൂടുതലാണ് പാകിസ്ഥാന് ലഭിക്കുന്നത്.
സംഘര്‍ഷങ്ങള്‍ ബാധിക്കാത്ത കരാര്‍: 1965-ലെയും 1971-ലെയും ഇന്ത്യ പാക് യുദ്ധ കാലത്ത് പോലും കരാര്‍ തുടര്‍ന്നു. 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യ കരാറില്‍ നിന്ന് പിന്മാറിയിരുന്നില്ല. ആഗോള മാതൃക: പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പ്രകൃതിവിഭവങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അടിവരയിടുന്ന കരാര്‍ ആഗോളതലത്തില്‍ പലപ്പോഴും പരാമര്‍ശിക്കപ്പെടുന്ന ഒന്നായിരുന്നു.