കൊൽക്കത്ത: മഹാ കുംഭമേള മൃത്യു കുംഭമായി മാറിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മഹാകുംഭമേളയുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച പശ്ചാത്തലത്തിലാണ് മമതയുടെ വിമര്‍ശനം. അപകടത്തിലെ യഥാർഥ മരണ സംഖ്യ മൂടിവച്ചിരിക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു. ബംഗാൾ നിയമസഭയിലായിരുന്നു മമതയുടെ പരാമര്‍ശം.

‘മഹാ കുംഭമേള ‘മൃത്യു കുംഭ’മായി മാറി. മരണസംഖ്യ കുറയ്ക്കാൻ അവർ (ബിജെപി സർക്കാർ) നൂറുകണക്കിന് മൃതദേഹങ്ങൾ മറച്ചുവച്ചിട്ടുണ്ട്. ബിജെപി എംഎൽഎമാർ എന്നെ നേരിടാൻ ഭയപ്പെടുന്നു. അതുകൊണ്ടാണ് ഞാൻ സംസാരിക്കുമ്പോഴെല്ലാം അവർ സഭ ബഹിഷ്‌കരിക്കുന്നതെന്നും’ മമത ബാനര്‍ജി പറഞ്ഞു.
കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു എന്നാണ് സര്‍ക്കാര്‍ കണക്ക്. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്