മുഖ്യ സൂത്രധാരൻ സൈഫുള്ള കസൂരി, പാകിസ്ഥാനിൽ നിന്ന് ആക്രമണം നിയന്ത്രിച്ചു?; വിമാനത്താവളത്തിൽ അടിയന്തരയോഗം ചേർന്ന് മോദി


ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരി ആണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇയാള്‍ ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ്. പാകിസ്ഥാനില്‍ നിന്നാണ് ആക്ര മണം നിയന്ത്രിച്ചത്. ഭീകരസംഘത്തിന് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നു. ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സൂചിപ്പിച്ചു.

ഭീകരാക്രമണം നടന്ന സ്ഥലത്തു നിന്നും നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്കുകള്‍ ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബ്രിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ ഭീകര സംഘത്തില്‍ ഉള്ളതായി സംശയിക്കുന്നുണ്ട്. ഇദ്ദേഹം ലഷ്‌കര്‍ ഇ തയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി സൂചന. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു.

ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും മറ്റ് സുരക്ഷാ സേനകളും ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ലഷ്‌കര്‍ ഇ തയ്ബയുടെ ആറംഗ ഭീകര സംഘത്തിന് പ്രദേശത്തെ ഒരാളുടെ കൂടി പിന്തുണ ലഭിച്ചതായിട്ടാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. ഓപ്പറേഷന്‍ ടിക്ക എന്ന പേരിലാണ് കശ്മീര്‍ മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുന്നത്. അതിനിടെ അതിര്‍ത്തി യില്‍ ഷെല്ലാക്രണവും ഉണ്ടായി. നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്.

സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, വിമാനത്താ വളത്തില്‍ വെച്ച് അടിയന്തര ഉന്നതതലയോഗം ചേര്‍ന്നു. രാവിലെ ഏഴു മണിയോടെ ഡല്‍ഹിയിലെ ത്തിയ നരേന്ദ്രമോദി, ഡല്‍ഹി വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയിലെ ലോഞ്ചില്‍ വെച്ചാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്റലിജന്‍സ് ഏജന്‍സി കള്‍ക്ക് ലഭിച്ച വിവരങ്ങള്‍ അജിത് ഡോവല്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷ തയില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇന്നു യോഗം ചേര്‍ന്നേക്കും.

അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര യില്‍ നിന്നും ആറു പേര്‍, ഗുജറാത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മൂന്നുപേര്‍ വീതം, ബംഗാള്‍-2, ആന്ധ്ര-1, കേരളം -1, യുപി, ഒഡീഷ, ബിഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതം, എന്നിങ്ങനെയാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നേപ്പാളില്‍ നിന്നുള്ള ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ 17 പേരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇതില്‍ തമിഴ്‌നാട് സ്വദേശി അബോധാവസ്ഥയിലാണ്.


Read Previous

മലപ്പുറത്ത് ടാൽറോപിന്റെ ആറാമത്തെ വില്ലേജ് പാർക്ക്

Read Next

ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണം: പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »