ഭൂരിപക്ഷം നേർ പകുതിയായി, വോട്ടും കുറഞ്ഞു; ചേലക്കര ‘ചെങ്കോട്ട കാത്ത്’ പ്രദീപ്


തൃശൂര്‍: ചേലക്കര നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മികച്ച ജയം. 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയിച്ചത്. 64,259 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 52,626 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ ബാലകൃഷ്ണന്‍ 33609 വോട്ടുകള്‍ നേടി. 1034 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്.

ചേലക്കരയില്‍ കെ രാധാകൃഷ്ണന്‍ നേടിയ ഭൂരിപക്ഷത്തിന്റെ പകുതി പോലും നേടാന്‍ ഇത്തവണ ഇടതുസ്ഥാനാര്‍ത്ഥിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ രാധാകൃഷ്ണന് 39,400 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. ഇത്തവണ പ്രദീപിന്റെ ഭൂരിപക്ഷമാകട്ടെ 12,201 വോട്ടുകള്‍. 9.60 ശതമാനത്തിന്റെ വര്‍ധനയോടെ, ആകെ പോള്‍ ചെയ്തതിന്റെ 54.41 ശതമാനം വോട്ടുകളും നേടി ( ആകെ 83,415) ആണ് രാധാകൃഷ്ണന്‍ വിജയിച്ചത്.

ഇത്തവണ പ്രദീപിന് ആകെ പോള്‍ ചെയ്തതിന്റെ 41.44 ശതമാനം വോട്ടാണ് ലഭിച്ചത്. 568 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം ആകെ 64827 വോട്ടുകളാണ് ആകെ കിട്ടിയത്. രമ്യ ഹരിദാസിന് 33.64 ശതമാനം വോട്ടു ലഭിച്ചു. തപാല്‍ വോട്ടുകളായ 489 അടക്കം ആകെ 52,626 വോട്ടുകളാണ് രമ്യയ്ക്ക് ലഭിച്ചത്. ബിജെപിയുടെ ബാലകൃഷ്ണന് 255 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം 33,609 വോട്ടുകള്‍ ലഭിച്ചു. 21.49 ശതമാനം. വോട്ടെണ്ണലിന്റെ തുടക്കം മുതലേ സിപിഎമ്മിലെ പ്രദീപ് ആണ് മുന്നേറിയത്. 11-ാം റൗണ്ടില്‍ മാത്രമാണ് രമ്യയ്ക്ക് നേരിയ ലീഡ് നേടാന്‍ സാധിച്ചത്.

കെ രാധാകൃഷണന്റെ പിന്‍ഗാമിയായി 2016 മുതല്‍ 21 വരെ അഞ്ചുവര്‍ഷം യു ആര്‍ പ്രദീപ് ചേലക്കര എംഎല്‍എയായിരുന്നിട്ടുണ്ട്. 2000-2005 കാലയളവില്‍ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇക്കാലത്ത് സംസ്ഥാനത്തെ മികച്ച പഞ്ചായത്തി നുള്ള പുരസ്‌കാരം ദേശമംഗലത്തിന് നേടികൊടുത്തു. 2005-10 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 2009-11 ല്‍ ദേശമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2022 മുതല്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്നു.


Read Previous

ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ല, സന്ദീപ് വാര്യർ പറഞ്ഞ സ്ഥലങ്ങളിൽ വോട്ട് കൂടി’

Read Next

സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല, സരിനെ ഒപ്പം നിര്‍ത്തും, ചേലക്കരയിലെ വിജയം ഭരണത്തുടര്‍ച്ചയുടെ സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »