തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പരിഹരിക്കാന്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്താന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കളക്ടറേറ്റിലെയും താലൂക്കിലെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അദാലത്ത്. ജില്ലാതലത്തില്‍ അദാലത്തിന്റെ ചുമതല ഓരോ മന്ത്രിമാര്‍ക്കാണ്. അദാലത്തിന്റെ നടത്തിപ്പ്, സംഘാടനം എന്നിവയുടെ ചുമതല അതാത് കളക്ടര്‍മാര്‍ക്കുമാണ്.
പൊതുജനങ്ങള്‍ക്ക് അദാലത്തിലേയ്ക്ക് സമര്‍പ്പിക്കാവുന്ന പരാതികള്‍ ഏപ്രില്‍ ഒന്ന് മുതല്‍ 10 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ സ്വീകരിക്കും. ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും നേരിട്ട് താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാം.
ഭൂമി സംബന്ധമായ വിഷയങ്ങള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളും നല്‍കുന്നതിലെ കാലതാമസം, നിരസിക്കല്‍, റവന്യൂ റിക്കവറി സംബന്ധിച്ച പരാതികള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷപരിഹാരം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, തെരുവുനായ ആക്രമണം തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനത്തിന് പരാതി സമര്‍പ്പിക്കാം.
അദാലത്ത് നടത്തുന്നത് സംബന്ധിച്ച തീരുമാനത്തിന് പുറമേ സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാര പദ്ധതികളും പ്രചരിപ്പിക്കുന്നതിനായി എന്റെ കേരളം പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏപ്രില്‍ 1 മുതല്‍ മേയ് 30 വരെയാണ് മേളകള്‍.