മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ച ന്യൂറാലിങ്ക് ചിപ്പിന് തകരാര്‍ നേരിട്ടിരുന്നു; വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്‌കിന്റെ കമ്പനി


ന്യൂയോര്‍ക്ക്: രോഗിയുടെ തലച്ചോറില്‍ ഘടിപ്പിച്ചതിന് പിന്നാലെ തങ്ങളുടെ ബ്രെയിന്‍ ചിപ്പില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് കമ്പനി.

കമ്പ്യൂട്ടറും സ്മാര്‍ട്ട്ഫോണും ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ചിന്തകളിലൂടെ നിയന്ത്രി ക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുകയെന്ന അവകാശവാദത്തോടെയാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് കമ്പനി ടെലിപ്പതി എന്നറിയപ്പെടുന്ന ചിപ്പ് വികസിപ്പിച്ചെടുത്തത്. മാസങ്ങള്‍ക്ക് മുമ്പായിരുന്നു ന്യൂറാലിങ്ക് ‘ടെലിപ്പതി’ എന്ന ഉപകരണം മനുഷ്യന്റെ തലച്ചോറില്‍ പരീക്ഷിച്ചത്. പക്ഷാഘാതമോ മറ്റോ കാരണം തളര്‍ന്നുപോയവരെയും കൈ-കാലുകള്‍ ഇല്ലാത്തവരെയും അവരുടെ ചിന്തകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറുമൊക്കെ പ്രവര്‍ത്തിപ്പിക്കാന്‍ തങ്ങളുടെ ബ്രെയിന്‍ ചിപ്പ് സഹായിക്കുമെന്നാണ് ന്യൂറാലിങ്ക് അവകാശപ്പെടുന്നത്.

എന്നാല്‍, ആദ്യത്തെ മനുഷ്യ രോഗിയുടെ തലച്ചോറില്‍ ഘടിപ്പിച്ച ഉപകരണത്തിന് മെക്കാനിക്കല്‍ പ്രശ്നങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ന്യൂറാലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍ ചിപ്പ് കമ്പനി ഒരു പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രോഗിയുടെ തലച്ചോറിനുള്ളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള ചിപ്പിന്റെ ഇലക്ട്രോഡുകള്‍ അടങ്ങിയ ത്രെഡുകള്‍ മസ്തിഷ്‌ക കോശത്തില്‍ നിന്ന് പിന്‍വാങ്ങി. ഇത് ചിപ്പിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും കമ്പനി വെളിപ്പെടുത്തി. അതേസമയം, തുടര്‍ച്ചയായ സോഫ്റ്റ്വെയര്‍ ഫിക്‌സുകളിലൂടെ പ്രശ്‌നം പരിഹരിച്ചെന്നും കമ്പനി അറിയിച്ചു.

ജനുവരി അവസാനമാണ് മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് സ്ഥാപിച്ചത്. ശരീരം തളര്‍ന്ന രോഗിയെ ആണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. ശാരീരിക വൈകല്യമുള്ളവരെയും പാര്‍ക്കിന്‍സണും അല്‍ഷിമേഴ്‌സുമടക്കം ന്യൂറോ രോഗങ്ങള്‍ ബാധിച്ചവരെയും ടെലിപ്പതിയുടെ സഹായത്താല്‍ ചിന്തകള്‍ കൊണ്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ചിപ്പ് ഘടിപ്പിച്ച രോഗിക്ക് ചിന്തകള്‍ കൊണ്ട് കമ്പ്യൂട്ടര്‍ മൗസിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നതായും നില തൃപ്തികരമാണെന്നും ന്യൂറാലിങ്ക് അറിയിച്ചിരുന്നു.



Read Previous

വിനാശകാരിയായ “സൗര കൊടുങ്കാറ്റ്” ഭൂമിയിലെത്തി: ഇന്റര്‍നെറ്റും വൈദ്യുതിയും തടസപ്പെടും; ബഹിരാകാശ വാഹനങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ്

Read Next

ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; യൂറോപ്യൻ മാതൃകയിൽ ഷെങ്കൻ വിസയ്ക്ക് ഒരുങ്ങി ജിസിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »