കാസര്‍കോട്: മുസ്ലിം ലീഗ് നേതാവിന്റെ നവകേരള സദസിലെ പങ്കാളിത്തം സ്വാഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടുകാര്‍ ഒരേ വികാരത്തോടെ പങ്കെടുക്കുകയാണ്. പങ്കെടുക്കാത്ത ജനപ്രതിനിധികള്‍ക്ക് മനപ്രയാസം അനുഭവ പ്പെടുന്നുണ്ടാകും. തെറ്റു തിരുത്തി പങ്കെടുക്കുന്നതാകും നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസിന്റെ ഭാഗമായുള്ള പൗരപ്രമുഖന്മാരുടെ യോഗത്തില്‍ ലീഗ് നേതാവ് എന്‍എ അബൂബക്കര്‍ പങ്കെടുത്തത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായി രുന്നു മുഖ്യമന്ത്രി. നാടിന്റെ യഥാര്‍ഥ പ്രശ്നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചാ വിഷയ മല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നവരെ തിരുത്താന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ജനാധിപത്യപരമായ ബദല്‍ മാര്‍ഗങ്ങളും സ്വീകരിക്കലേ വഴിയുള്ളു.
ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്നത് ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണ്. ആ കടമ നിറവേറ്റുകയാണ് നവകേരള സദസ്സിന്റെ ധര്‍മ്മം. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികളാണ് അധികാരമേറ്റെടുത്തതു മുതല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ബഹിഷ്കരണാഹ്വാനം തള്ളി നവകേരള സദസിന്റെ ഭാരമായുള്ള പൗരപ്രമുഖരുടെ യോഗത്തിലാണ് ലീഗ് നേതാവെത്തിയത്. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍എ അബൂബക്കറാണ് മുഖ്യമന്ത്രിക്കൊപ്പം നവകേരള സദസ് യോഗത്തിനെത്തിയത്. നായന്മാര്‍മൂല ലീഗ് യൂണിറ്റ് പ്രസിഡന്റു കൂടിയാണ് ഇദ്ദേഹം. എന്നാൽ അബൂബക്കർ ലീഗ് ഭാരവാഹിയല്ലെന്നും, ഉത്തരവാദപ്പെട്ട പാർട്ടി നേതാക്കന്മാർ ആരും നവകേരള സദസിന് പോകില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.