കരൾ നൽകിയവൻറെ കരൾ കത്തിച്ച് ചാമ്പലാക്കിയവൾ…!’: ഷാരോൺ വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ


കാസർകോട് : ഷാരോൺ വധക്കേസ് വിധിയിൽ സന്തോഷമുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥ ആയിരുന്ന ഡി ശില്‍പ ഐപിഎസ്. അന്വേഷണ സംഘത്തെ ഗ്രീഷ്‌മ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. പല ഘട്ടങ്ങളിലും വെല്ലുവിളി ഉണ്ടായി. അന്വേഷണ സംഘം ഒരുമിച്ച് നിന്ന് പ്രവർത്തിച്ചതിന്‍റെ വിജയം ആണ് ഇത്. മറ്റ് പ്രതികളുടെ ശിക്ഷാവിധി സംബന്ധിച്ച് നിയമപരമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ശില്‍പ കാസർകോട് പറഞ്ഞു.

ഇത് അപൂർവങ്ങളിൽ അപൂർവമായ കേസ് ആണെന്നും വധശിക്ഷ പ്രതീക്ഷിച്ചതാണെന്നും ഡിവൈ എസ്‌പി ജോൺസൺ പറഞ്ഞു. അന്വേക്ഷണ ടീമിന്‍റെ വിജയമാണ് ഇത്. ഗ്രീഷ്‌മ ആദ്യഘട്ടത്തിലേ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.ഗ്രീഷ്‌മയെ തള്ളിപ്പറയാൻ ആദ്യഘട്ടത്തിൽ ഷാരോണും ശ്രമിച്ചിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്‌മയെന്നും ഡിവൈഎസ്‌പി. കരൾ നൽകിയവന്‍റെ കരൾ കത്തിച്ച് ചാമ്പലാക്കിയവള്‍ ആണ് ഗ്രീഷ്‌മയെന്നും ജോൺസൺ.

അതേസമയം, പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതിയായ ഗ്രീഷ്‌മയ്‌ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതിയാണ് ഗ്രീഷ്‌മ. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്‌മ ചെയ്‌തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോകലിന് 10 വർഷം തടവും അന്വേഷണ സംഘത്തെ വഴി തെറ്റിച്ചതിന് 5 വർഷം തടവും വിധിച്ചിട്ടുണ്ട്.

കേസ് രേഖകള്‍ ഹൈക്കോടതിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. കേസ് അപൂർവങ്ങളിൽ അപൂർവ മാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ പ്രായം കണക്കിലാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പഠനത്തില്‍ താന്‍ മിടുക്കിയാണെന്നും തനിക്ക് പഠിക്കണമെന്നും തന്‍റെ പ്രായം കണക്കാക്കണമെന്നും ഗ്രീഷ്‌മ അവസാനമായി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.


Read Previous

സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറ്റിയത് ഒരു സ്‌ത്രീയെ മാത്രം; ഗ്രീഷ്‌മയെ തൂക്കിലേറ്റിയാൽ അത് ചരിത്രമാകും

Read Next

സൗദി ക്ലബുകളുടെ കോടികളുടെ ഓഫർ; എന്നാൽ നിരസിച്ച് ഈ സൂപ്പർ താരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »