ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുത്ത വഖഫ് ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പുവച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചതോടെ ബില്ല് നിയമമായി. വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടത്തിന് കോൺഗ്രസും മുസ്ലിംലീഗും തയ്യാറെടുക്കുന്നതിനിടെയാണ് ബില്ല് നിയമമായത്. ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹദുൽ മുസ്ലിമിൻ (എ.ഐ.എം.ഐ.എം) നേതാവും ലോക്‌സഭാംഗവുമായ അസദുദ്ദിൻ ഒവൈസിയും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

മുൻപ് വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകണമെന്നത് തടയണമെന്നാവശ്യപ്പെട്ട് അഞ്ച് മുസ്ലിം ലീഗ് എം.പിമാർ രാഷ്ട്രപതിക്ക് കത്തുനൽകിയിരുന്നു. ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബിൽ മൗലീകാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് എം.പിമാർ കത്തിൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസിനുവേണ്ടി ലോക്‌സഭയിലെ പാർട്ടി വിപ്പ് മുഹമ്മദ് ജാവേദ് സുപ്രീംകോടതിയിൽ ഹർജി നൽകി. ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതിയിൽ അംഗമായിരുന്നു ജാവേദ്. മുസ്ലിം സമുദായത്തിന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ് പുതിയ നിയമമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും രണ്ടു വീതം അമുസ്ലിമുകൾക്ക് അംഗമാകാമെന്ന വ്യവസ്ഥ ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലാണെന്നും ഹർജിയിൽ പറയുന്നു. ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാൻ മുസ്‌ലിം ലീഗ് ദേശീയ നേതൃയോഗമാണ് തീരുമാനിച്ചത്. 13 മണിക്കൂറിലേറെ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് കഴിഞ്ഞ ദിവസം പുലർച്ചെയാണ് ബിൽ രാജ്യസഭ കടന്നത്. 128 എം.പിമാർ അനുകൂലിച്ചു. 95പേർ എതിർത്തു. ലോക്‌സഭയിൽ വ്യാഴാഴ്ച പുലർച്ചെ ബിൽ പാസായിരുന്നു.
വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു. ദീർഘകാലമായി ശബ്‌ദവും അവസരവും നിഷേധിക്കപ്പെട്ടവർക്ക് ബിൽ സഹായകമാകും. പതിറ്റാണ്ടുകളായി വഖഫ് സമ്പ്രദായത്തിൽ സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും അഭാവമുണ്ടായിരുന്നു. ഓരോ പൗരന്റെയും അന്തസിന് മുൻഗണന നൽകാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി എക്‌സിൽ കുറിച്ചത്.