തിരുവനന്തപുരം: പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് സർക്കാർ അംഗീകരിച്ചു. ഫെബ്രുവരി മൂന്നിന് ചേർന്ന പ്രോസ്പെക്ടസ് പരിഷ്കരണ സമിതിയുടെ ശുപാർശ പ്രകാരമാണിത്. എൻട്രൻസ് പരീക്ഷ ഏപ്രിൽ 22മുതൽ 30വരെ നടത്താനും സർക്കാർ അനുമതി നൽകി.

എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ അഞ്ച് ദിവസങ്ങളിലായി ഓൺലൈനായാണ് നടത്തുക. അടുത്ത ഏപ്രിൽ 24, 25, 26, 27, 28 തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ. ഏപ്രിൽ 22, 23, 29, 30 തീയതികൾ ബഫർ ഡേയായിരിക്കും.
എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ യോഗ്യതാ പരീക്ഷയുടെ മാർക്ക് സമീകരണം നടത്തുന്നതിൽ പിന്നീട് തീരുമാനമെടുക്കും. ഇതിൽ പിഴവുണ്ടോയെന്ന് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ട്.