
മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുക്കിയ ‘എമ്പുരാൻ’ തീയേറ്ററുകളിലെത്തിയിരിക്കുക യാണ്. ഇതിനുപിന്നാലെ നിരവധി പേരാണ് സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. കുറച്ചുപേർ വിമർശിക്കുകയും ചെയ്തു.
സിനിമയെ പ്രശംസിച്ചുകൊണ്ട് നടൻ ബിനീഷ് കോടിയേരി പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. “ഇന്നത്തെ ഇന്ത്യയിൽ ഒരു ബിഗ് ബഡ്ജറ്റ് പടം സംഘപരിവാർ ഗുജറാത്തിൽ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിൽ അതിൽ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് പച്ചക്ക് പറയുന്നുണ്ടെങ്കിൽ അതിന് ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ” എന്നാണ് ബിനീഷ് കോടിയേരി ഫേസ്‌ബുക്കിൽ കുറിച്ചത്. മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്.
മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം ഇന്ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദർശനം ആരംഭിച്ചത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐമാക്സ് റിലീസായി എത്തുന്ന ‘എമ്പുരാൻ’ ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.