ജിസിസി നിവാസികൾക്ക് ഉംറ തീർഥാടനം കൂടുതൽ എളുപ്പമാക്കി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം


റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ അഥവാ ജിസിസി രാജ്യങ്ങളിലെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് ഉംറ നിർവഹിക്കുന്നതിന് മക്കയിലെ വിശുദ്ധ മസ്ജിദ് സന്ദർശിക്കുന്നതിനുള്ള വഴികൾ കൂടുതൽ ലളിതമാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ജിസിസി നിവാസികൾക്ക് ഉംറ തീർഥാടനം കൂടുതൽ പ്രാപ്യമാക്കുന്നതിനാണ് പുതിയ സംവിധാനങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിങ്ങൾ ഏതെങ്കിലും ഗൾഫ് രാജ്യത്ത് താമസിക്കുകയും ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണെങ്കിൽ, മക്കയും മദീനയും നിങ്ങളുടെ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് എക്‌സിലെ സന്ദേശത്തിൽ മന്ത്രാലയം പറഞ്ഞു. സുഗമമായ യാത്ര ഉറപ്പാക്കാൻ ഒന്നിലധികം എളുപ്പവഴികൾ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

ജിസിസി രാജ്യക്കാർക്ക് ഉംറ തീർഥാടനം നിർവഹിക്കുന്നത് മൂന്ന് വിസ ഓപ്ഷനുകൾ ലഭ്യമാണെന്ന് മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലെ സന്ദേശത്തിൽ അറിയിച്ചു. അതിലൊന്ന് ഉംറ വിസ ഓപ്ഷനാണ്. നുസുക് പ്ലാറ്റ്ഫോം (www.nusuk.sa) വഴി ഒരു ഉംറ പാക്കേജ് സ്വന്തമാക്കാൻ അവർക്ക് എളുപ്പത്തിൽ സാധിക്കും. മറ്റൊരു സംവിധാനം ടൂറിസ്റ്റ് വിസയാണ്. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (https://ksavisa.sa) വഴി ടൂറിസ്റ്റ് വിസ ലഭിക്കും.

സൗദി ടൂറിസ്റ്റ് ഇ-വിസ ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാം. ഇതിന് ജിസിസി നിവാസികൾ കുറഞ്ഞത് മൂന്നു മാസമെങ്കിലും കാലാവധിയുള്ള ഒരു ജിസിസി റെസിഡൻസി ഉണ്ടായിരിക്കണം. അതുപോലെ സൗദി പോർട്ടലിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു തൊഴിലും ഉണ്ടായിരിക്കണം. ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് അതുപയോഗിച്ച് ഉംറ തീർഥാടനം നിർവഹിക്കാനാകും. ഉംറ നിർവഹിക്കുന്നതിനുള്ള മൂന്നാമത്തെ ഓപ്ഷൻ ട്രാൻസിറ്റ് വിസയാണ്. സൗദി അറേബ്യൻ എയർലൈൻസിലോ ഫ്‌ളൈനാസിലോ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗിലൂടെ ട്രാൻസിറ്റ് വിസ ലഭ്യമാണ്.

മദീനയിലെ പ്രവാചകന്റെ മസ്ജിദിൽ പ്രാർഥിക്കാൻ പ്രത്യേക അനുമതി വേണമെന്നും അത് നുസുക് ആപ്പ് വഴി ലഭിക്കുമെന്നും മന്ത്രാലയം സന്ദേശത്തിൽ അറിയിച്ചു. പുണ്യ നഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും കൂടുതൽ പ്രവേശനം നൽകിക്കൊണ്ട് ഗൾഫ് മേഖലയിലുടനീളമുള്ള നിവാസികൾക്ക് തീർഥാടനം സുഗമമാക്കുന്നതിനാണ് ഈ പുതിയ നീക്കം. അടുത്ത കാലത്തായി കൂടുതൽ ഉംറ തീർഥാടകരെ ആകർഷിക്കു ന്നതിനായി മുന്നോട്ടുവെച്ച വിവിധ ആനുകൂല്യങ്ങളുടെയും സൗകര്യങ്ങളുടെയും പശ്ചാത്തലത്തിൽ തീർഥാടനത്തിന് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ റമദാൻ മാസത്തിൽ മാത്രം മൂന്നു കോടി തീർഥാടകർ ഉംറ നിർവഹിക്കാൻ എത്തിയിരുന്നു.


Read Previous

ഗാസയിലും ലബനനിലും ഉടന്‍ വെടിനിര്‍ത്തണം, ഇസ്രായേല്‍ അതിക്രമങ്ങളെ അപലപിച്ച് സൗദി കിരീടാവകാശി

Read Next

എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, മെമ്പർഷിപ് കാമ്പയിന് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »