യുവാവിന്റെ ശ്വാസകോശത്തിൽ കണ്ടത് മൂർച്ചയുള്ള കത്തിയുടെ കഷ്ണം


ആളുകളുടെ ശരീരത്തിൽ പല വസ്തുക്കളും കയറുകയും അത് ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും പിന്നീട് ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യുകയും ചെയ്യുന്നതായുള്ള അനേകം വാർത്തകൾ നാം വായിച്ചിട്ടുണ്ടാവും. അതുപോലെ ഒരു സംഭവമാണ് ഒഡീഷയിലും ഉണ്ടായിരിക്കുന്നത്. 

ഒഡീഷയിലെ ബെർഹാംപൂരിലുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ഒരു രോഗിയുടെ ശ്വാസകോശത്തിൽ നിന്ന് എട്ട് സെന്റീമീറ്റർ നീളമുള്ള ഒരു കത്തിയുടെ പൊട്ടിയ കഷണം നീക്കം ചെയ്യുകയായിരുന്നു അവർ.

24 -കാരനായ സന്തോഷ് ദാസ് എന്ന യുവാവാണ് അടുത്തിടെ എംകെസിജി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ തൊറാക്കോട്ടമി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയിൽ ഡോക്ടർമാർ സന്തോഷിന്റെ ശ്വാസകോശത്തിൽ നിന്നും കത്തി നീക്കം ചെയ്യുകയായിരുന്നു. അതിന് 2.5 സെന്റീമീറ്റർ വീതിയും 3 മില്ലീമീറ്റർ കനവുമുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.

പിടിഐ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം ഏകദേശം മൂന്ന് വർഷത്തോളമായി ഇയാളുടെ ശ്വാസകോശത്തിൽ ഈ കത്തിയുടെ കഷ്ണമുണ്ടത്രെ. ബെം​ഗളൂരുവിൽ വച്ച് അജ്ഞാതനായ ഒരാളുടെ കുത്തേറ്റതിന് പിന്നാലെയാണ് സന്തോഷിന്റെ ശരീരത്തിൽ ഈ കത്തിയുടെ കഷ്ണം കയറിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ശസ്ത്രക്രിയ നന്നായി നടന്നു എന്നും സന്തോഷിന് പ്രശ്നങ്ങളൊന്നുമില്ല ഐസിയുവിൽ വിശ്രമത്തിലാണ് എന്നുമാണ് ഡോക്ടർമാർ പറയുന്നത്. 

മൂന്ന് വർഷം മുമ്പ് താൻ ബെം​ഗളൂരുവിൽ തൊഴിലെടുത്ത് വരികയായിരുന്നു. ആ സമയത്താണ് ഒരാൾ തന്റെ കഴുത്തിന് കുത്തിയത്. അന്ന് അവിടെയുള്ള ഒരു ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് വർഷത്തേക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് ചുമയും പനിയുമൊക്കെ തുടരെ വന്നു. ട്യൂബർകുലോസിസ് ആണെന്ന് കരുതി അതിന് കുറേ ചികിത്സ ചെയ്തു. ഒടുവിൽ ആരോ​ഗ്യം മോശമായപ്പോഴാണ് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. 

എക്സ് റേയിലാണ് ശ്വാസകോശത്തിൽ കത്തിയുടെ കഷ്ണം കണ്ടെത്തിയത്. സിടി സ്കാനിലൂടെ അത് സ്ഥിരീകരിക്കുകയും ചെയ്തു. സിടിവിഎസിലെയും അനസ്തേഷ്യ വിഭാഗങ്ങളിലെയുമായി എട്ട് ഡോക്ടർമാർ, നഴ്സിംഗ് ഓഫീസർമാർ, പാരാ മെഡിക്കൽ സ്റ്റാഫ് എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയതും കത്തി വിജയകരമായി നീക്കം ചെയ്തതും എന്നാണ് ഡോക്ടർ സാഹു വാർത്താ ഏജൻസിയോട് പറഞ്ഞത്. 

എന്നാലും, ഇത്രയും മൂർച്ചയുള്ള ഒരു വസ്തുവായിരുന്നിട്ടും അത് യുവാവിന്റെ അവയവങ്ങൾക്ക് പോറലേൽപ്പിച്ചില്ല എന്നത് തങ്ങളെ അമ്പരപ്പിച്ചു എന്നും ഡോക്ടർ പറയുന്നു. 


Read Previous

സംഘർഷത്തിൽ ഇടപെടില്ലെന്ന് ട്രംപ് ‘ഞാൻ ഇന്ത്യയുടെയും പാകിസ്ഥാന്റെയും വേണ്ടപ്പെട്ടയാൾ’

Read Next

ഇനി ചരിത്രം; എംജിഎസ് നാരായണന്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »