പരസ്പരം കൊമ്പുകോർത്ത് സ്പീക്കറും പ്രതിപക്ഷ നേതാവും, സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ; ആശാവർക്കർമാരുടെ സമരത്തിൽ തല്ലിപ്പിരിഞ്ഞ് നിയമസഭ


ആശാവർക്കർമാരുടെ സമരത്തെച്ചൊല്ലി തല്ലിപ്പിരിഞ്ഞ് നിയമസഭ. സ്പീക്കറും പ്രതിപക്ഷ നേതാവും പരസ്പരം കൊമ്പുകോർത്തതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം രൂക്ഷമായതിനെ തുടർന്ന് സഭ പിരിഞ്ഞു.വാക്കൗട്ട് പ്രസംഗ സമയത്തെച്ചൊല്ലി നിയമസഭാ സ്പീക്കർ എ എൻ ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പതിവുപോലെ കൊമ്പുകോർത്തു. വിട്ടുവീഴ്ചയ്ക്ക് ഇരുവരും തയ്യാറാകത്തോടെ സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം. പിന്നാലെ പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി സ്പീക്കറുടെ ഡയസിന് മുമ്പിലെത്തി.

ആശാവർക്കർമാരുടെ സമരം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ഉപക്ഷേപം ചട്ടം 50 പ്രകാരം രാഹുൽ മാങ്കൂട്ടത്തിലാണ് ഉന്നയിച്ചത്. നോട്ടീസ് അവതരണത്തിന് സ്പീക്കർ അനുമതി നൽകിയെങ്കിലും ക്രമപ്രശ്നം ഉന്നയിച്ച് പാർലമെൻ്ററികാര്യ മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു.സ്പീക്കർ അനുവദിച്ചതിന് ശേഷം മന്ത്രി എതിർപ്പ് ഉയർത്തുന്നത് അനുചിതമെന്ന് പ്രതിപക്ഷ നേതാവിൻ്റെ ഓർമ്മപ്പെടുത്തൽ. ഇടതുസർക്കാർ വാഗ്ദാനം ചെയ്ത 700 രൂപ ദിവസക്കൂലി ആവശ്യപ്പെടുന്ന ആശമാരെ സർക്കാർ അധിക്ഷേപിക്കുന്നെന്ന് രാഹുൽ കുറ്റപ്പെടുത്തി. പിന്നെ സർക്കാരിനെതിരായ കടന്നാക്രമണമായിരുന്നു.

ഓണറേറിയം മൂന്ന് മാസം മുടങ്ങിയതു കൊണ്ടാണ് ആശ വർക്കർമാർ സമരത്തിലേക്ക് ഇറങ്ങിയതെന്ന് രാഹുല്‍ പറഞ്ഞു. പ്രതിദിന കൂലി 700 രൂപ ആക്കുമെന്ന് ഇടതുമുന്നണി പറഞ്ഞതല്ലേ. ബക്കറ്റ് പിരിവ് എന്ന് മുതലാണ് സര്‍ക്കാരിന് അയിത്തമായി തുടങ്ങിയത്. ആശ വര്‍ക്കര്‍മാരുടെ സമരത്തെ സര്‍ക്കാര്‍ ഗൗനിച്ചില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ പോലും അവരെ കണ്ട് സംസാരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

മഴ കൊള്ളാതിരിക്കാന്‍ കെട്ടിയ ടാര്‍പോളീന്‍ പോലും മിസ്റ്റര്‍ ചീഫ് മിനിസ്റ്ററുടെ ആളുകള്‍ വലിച്ചു പറിച്ചു കളഞ്ഞില്ലേ? മിനിമം കൂലി കൂട്ടേണ്ടത് കേന്ദ്രമാണെങ്കില്‍ 2014ല്‍ സിഐടിയു സെക്രട്ടറി എളമരം കരീം ശമ്പളം 10,000 രൂപ ആക്കണമെന്ന് നിയമസഭയില്‍ പറഞ്ഞത് എന്തിനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

2018ന് ശേഷം ആശമാര്‍ മറ്റു ജോലിക്ക് പോകുന്നതും തടഞ്ഞു. മറ്റു ജോലിക്കൊപ്പം മന്ത്രിമാരുടെ പ്രസംഗത്തിന് കൈയ്യടിക്കാനും പോണം. ഇവരുടെ പ്രസംഗം കേട്ട് കൈയ്യടിക്കുന്നവര്‍ക്ക് 233 രൂപ മതിയോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. പി എസ് സി അംഗങ്ങളുടെ ശമ്പള വർധനവും, കെ വി തോമസിന് പണം അനുവദിച്ചതുമെല്ലാം രാഹുൽ ചൂണ്ടിക്കാട്ടി. എന്നാൽ എസ് യു സി ഐയുടെ നാവായി കേരളത്തിലെ യൂത്ത് കോൺഗ്രസ് മാറിയത് നാണക്കേടെന്നായിരുന്നു മന്ത്രി വീണാ ജോർജിൻ്റെ മറുപടി.

സഭയിലുള്ള നമ്മൾ മാത്രം സമരം നടത്തിയാൽ മതിയോ എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറുപടി.ആശ വര്‍ക്കര്‍മാര്‍ക്ക് ആദ്യമായി ഓണറേറിയം നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് വീണ ജോര്‍ജിന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. കഴിഞ്ഞ ഒന്‍പത് വര്‍ഷം നല്‍കിയ ഇന്‍സെന്റീവിന്റെ സംസ്ഥാന വിഹിതത്തിന്റെ കണക്ക് മേശപ്പുറത്ത് വെക്കാമോ എന്നും പ്രിപക്ഷ നേതാവ് ചോദിച്ചു. കര്‍ണാടകയില്‍ സമരം ചെയ്ത ആശാ വര്‍ക്കര്‍മാര്‍ക്ക് 10000 രൂപ ഓണറേറിയം വര്‍ധിപ്പിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്കുള്ളതുപോലെ ഒരു ജോലി മറ്റൊരു സംസ്ഥാനത്തെ ആശാ വര്‍ക്കര്‍ മാര്‍ക്കും ഇല്ല. വീട്ടില്‍ ചെന്നാല്‍ കുത്തിക്കുറിക്കലും കണക്കുമായി പാതിരാത്രി വരെയിരിക്കണം. സമരം ചെയ്യുന്നവരെ പാട്ടപ്പിരിവുകാര്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ത്തുന്ന കീടങ്ങള്‍ എന്നിങ്ങനെ അധിക്ഷേപിച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.ഇന്ന് പിരിഞ്ഞ സഭ മാർച്ച് 10ന് വീണ്ടും സമ്മേളി ക്കും.


Read Previous

എറണാകുളം പുത്തൻവേലിക്കരയിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

Read Next

ഇനി മല്ലിയിലയുടെ പേരില്‍ വിഷം ഉള്ളില്‍ പോകണ്ട

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »