
ഒരു ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന വിവിധ വീതിയിലുള്ള കറുത്തവരകളും സംഖ്യാകോഡുകളും വരുന്ന ബാര്‍കോഡുകള്‍ ആധുനിക കാലത്ത് സര്‍വ്വവ്യാപിയാണ്. ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് ഡാറ്റ നല്‍കുന്നതിന് ഉപയോഗിക്കുന്ന സമാന്തര ബാറുകളുടെ ശ്രേണിയെന്ന് ഇതിനെ ലഘൂകരിച്ചും പറയാനാകും. ഒരുല്‍പ്പന്നത്തിന്റെ സ്വത്ത്വവും തനിമയും നിര്‍ണ്ണയിക്കുന്ന ബാര്‍കോഡ് ഒരിക്കല്‍ ഒരു ബീച്ചില്‍ ഒരാള്‍ നാലുവിരല്‍ കൊണ്ടു വരച്ച ഒരു വരയില്‍ നിന്നും ഉണ്ടായതാണ് ഇതെന്ന് നിങ്ങളില്‍ എത്രപേര്‍ക്കറിയാം?
അമേരിക്കന്‍ എഞ്ചിനീയര്‍മാരായ നോര്‍മന്‍ ജോസഫ് വുഡ്ലാന്‍ഡും ബെര്‍ണാഡ് സില്‍വറും ചേര്‍ന്ന് കണ്ടുപിടിച്ച ബാര്‍കോഡ് 1952-ലാണ് യുഎസില്‍ പേറ്റന്റ് നേടിയത്. ബാര്‍കോഡിന് അമേരിക്കയിലെ ബോയ് സ്‌കൗട്ടുമായും ബന്ധമുണ്ട്. കുട്ടിക്കാലത്ത് ജോസഫ് വുഡ്ലാന്‍ഡ് ബോയ്‌സ് സ്‌കൗട്ടില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് മോഴ്‌സ് കോഡ് പഠിച്ചെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, ട്രാക്കിംഗിനും ഓര്‍ഗനൈസേഷനുമായി ഉല്‍പ്പന്നങ്ങളില്‍ ഡാറ്റ കാര്യക്ഷമമായി അച്ചടിക്കുന്നതിനുള്ള ഒരു മാര്‍ഗം തേടുമ്പോള്‍, ആ ബാല്യകാല അനുഭവത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു.
മോഴ്‌സ് കോഡിന്റെ ലളിതവും എന്നാല്‍ ഫലത്തില്‍ പരിധിയില്ലാത്തതുമായ ആശയവിനിമയ രീതിയുടെ ഒരു പതിപ്പ് ദൃശ്യപരമായി റെന്‍ഡര്‍ ചെയ്യാന്‍ എന്തെ ങ്കിലും വഴിയുണ്ടോ എന്ന വുഡ്‌ലാന്റിന്റെ ചിന്തയില്‍ നിന്നുമാണ് ബാര്‍കോഡിന്റെ പിറവി. മോഴ്‌സ് കോഡിന്റെ ഡോട്ടുകള്‍ക്കും ഡാഷുകള്‍ക്കും പകരം വീതിയുള്ള വരകളും ഇടുങ്ങിയ വരകളിലേക്കും പിന്നീട് നേര്‍ത്തതും കട്ടിയുള്ളതുമായ ബാറുകളിലേക്ക് വ്യാപിപ്പിച്ചു.
ബീച്ചില്‍ നിന്നുമാണ് തനിക്ക് ഈ ആശയം കിട്ടിയതെന്നാണ് വുഡ്ലാന്‍ഡ് സ്മിത്സോ ണിയന്‍ മാഗസിനിനോട് ഒരിക്കല്‍പറഞ്ഞത്. ”ബീച്ചില്‍ നിന്നുമാണ് ബാര്‍കോഡിന് പ്രചോദനം. ഒരിക്കല്‍ ബീച്ചിലിരിക്കുമ്പോള്‍ ഞാന്‍ എന്റെ നാല് വിരലുകള്‍ മണലില്‍ കുത്തി. പിന്നെ കൈ എന്റെ നേരെ വലിച്ച് നാല് വരകള്‍ വരച്ചു. അതിന് ശേഷം ഞാന്‍ പറഞ്ഞു. ഇപ്പോള്‍ എനിക്ക് സ്വന്തമായി നാല് വരകളുണ്ട്.”
ഉള്‍ക്കാഴ്ചയുടെ ആ നിമിഷത്തെ ആധുനിക ബാര്‍കോഡുകളുടെ മുന്‍ഗാമിയാക്കി മാറ്റാന്‍ വുഡ്ലാന്‍ഡ് ഒരു സുഹൃത്ത് ബെര്‍ണാഡ് സില്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കണ്ടുപിടുത്തം വാണിജ്യപരമായി വിജയിക്കുന്നതിന് ഇരുപത് വര്‍ഷമെടുത്തു. കണ്ടുപിടുത്തം രണ്ടുപേരും ചേര്‍ന്ന് അതിന്റെ പേറ്റന്റ് 15,000 ഡോളറിന് വിറ്റു, വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജ് ലോററുടെയും സൂപ്പര്‍മാര്‍ക്കറ്റ് എക്സിക്യൂട്ടീവായ അലന്‍ ഹാബര്‍മാന്റെയും സഹായത്തോടെ വുഡ്‌ലാന്റ് ബാര്‍കോഡുകള്‍ വ്യവസായ നിലവാരമാക്കി മാറ്റിയതോടെയാണ് വ്യാപകമായത്.