ശീഷ കടയിലേക്ക് പ്രതികള്‍ എത്തിയത് വധലക്ഷ്യത്തോടെ; ഒറ്റയ്ക്കായപ്പോള്‍ കത്തികൊണ്ട് കഴുത്തിന് കുത്തിവീഴ്ത്തി; നാട്ടില്‍ നിന്ന് തിരിച്ചെത്തി മൂന്നു മാസം പിന്നിടുമ്പോഴാണ് അബ്ദുല്‍ മജീദിന്റെ ദാരുണമരണം, മൂന്ന് ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു,ഞെട്ടലില്‍ പ്രവാസി മലയാളികള്‍


ജിസാന്‍: സൗദിയിലെ ജിസാനില്‍ പാലക്കാട് സ്വദേശി സിപി അബ്ദുല്‍ മജീദിനെ ഇന്നലെ രാത്രി അക്രമികള്‍ കൊലപ്പെടുത്തിയത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയിലേക്ക് പ്രതികള്‍ എത്തിയത് വധലക്ഷ്യത്തോടെയെന്ന് സൂചന നല്‍കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

കേസിലെ പ്രതികളായ മൂന്ന് ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്. മുമ്പ് ഈ കടയില്‍ താല്‍ക്കാലിക ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. ജോലിയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഇയാള്‍ വീണ്ടും ജോലി തേടി കടയിലെത്തിയിരുന്നു. ജോലി നല്‍കാന്‍ നിര്‍വാഹമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളുമായി തിരിച്ചെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ജിസാനിനടുത്ത് ദര്‍ബ് എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നിലവിലെ സാഹചര്യത്തില്‍ ഇപ്പോള്‍ ജോലിയില്ലെന്ന് പറഞ്ഞതോടെ തര്‍ക്കം ഉടലെടുക്കുകയും ഇവര്‍ സംഭവസ്ഥലത്ത് നിന്ന് പോകുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തി തര്‍ക്കമുണ്ടാക്കുകയും ഇനിടെ ഒരാള്‍ കത്തികൊണ്ട് അബ്ദുല്‍ മജീദിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.

അബ്ദുല്‍ മജീദിന്റെ കൂടെ കടയിലുണ്ടായിരുന്ന മലയാളി ജീവനക്കാരന്‍ കഴിഞ്ഞ ദിവസം നാട്ടില്‍ പോയിരുന്നു. അതിനാല്‍, മജീദ് മാത്രമായിരുന്നു സംഭവസമയം സ്ഥലത്തുണ്ടായിരുന്നത്. മണ്ണാര്‍ക്കാട് കാരാകുറിശി സ്വദേശി ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം സ്വദേശിയാണ് അബ്ദുല്‍ മജീദ്. 47 വയസ്സായിരുന്നു. മൃതദേഹം ദര്‍ബ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടില്‍ നിന്ന് തിരിച്ചെത്തി മൂന്നു മാസം പിന്നിടുമ്പോഴാണ് ദാരുണമായ സംഭവം. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന അബ്ദുല്‍ മജീദ് കഴിഞ്ഞ സെപ്തംബര്‍ ഒമ്പതാം തീയതിയാണ് തിരിച്ചെത്തിയത്.

കഴിഞ്ഞ 15 വര്‍ഷത്തോളമായി സൗദിയില്‍ ജോലിചെയ്തുവരികയാണ് അബ്ദുല്‍ മജീദ്. മജീദിന്റെ സഹോദരങ്ങളും സൗദിയില്‍ ജോലിചെയ്യുന്നുണ്ട്. ചേരിക്കപ്പാടം ഹൗസില്‍ സിപി സൈദ് ഹാജിയുടെ മകനാണ്. സൈനബയാണ് മാതാവ്. ഭാര്യ: ഇകെ റൈഹാനത്ത്. മക്കള്‍: ഫാത്വിമത്തു നാജിയ, മിദ്ലാജ്.


Read Previous

ഡോ. ഷഹനയുടെ മരണം; കുറ്റാരോപിതനെ ഒഴിവാക്കി പിജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎ

Read Next

അമേരിയ്ക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, അക്രമി കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »