എം ടിക്ക് പ്രണാമമർപ്പിച്ച് തുഞ്ചൻ ഉത്സവം സമാപിച്ചു


തിരൂർ

എം ടി വാസുദേവൻ നായരെന്ന അതുല്യ പ്രതിഭയ്ക്ക് പ്രണാമമർപ്പിച്ച് അഞ്ചുദിവസംനീണ്ടുനിന്ന തുഞ്ചൻ ഉത്സവത്തിന് സമാപനമായി. സമാപന സമ്മേളനം തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ വൈശാഖൻ ഉദ്ഘാടനംചെയ്തു. കേരളത്തിലുടനീളം സാഹിത്യ സദസ്സുകൾ നടക്കുമ്പോഴും സമൂഹത്തിലെ ഒരുവിഭാഗം ലഹരിക്ക് അടിമപ്പെട്ട സ്ഥിതിയാണ്.

അത് കേരളീയ സംസ്കാരം മലീമസപ്പെടുത്തുന്നു. അതിനെതിരെ പോരാടാനുള്ള മാധ്യമം കലയും സാഹിത്യവുമാണെന്ന് വൈശാഖൻ പറഞ്ഞു. സെക്രട്ടറി പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. സി ഹരിദാസ്, വേണുഗോപാൽ കൊൽക്കത്ത എന്നിവർ സംസാരിച്ചു. ദ്രുതകവിത, ക്വിസ് എന്നീ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനം വിതരണംചെയ്തു.

എം വിക്രമകുമാർ സ്വാഗതവും പി കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു. സമാപന ദിവസം രാവിലെ എട്ടിന് തുഞ്ചൻ കൃതികളുടെ പാരായണത്തോടെയാണ് തുടക്കമായത്. തുടർന്ന് എം ടി എന്ന അനുഭവം എന്ന സെഷനിൽ എം മുകുന്ദൻ, എൻ ഇ സുധീർ എന്നിവർ സംഭാഷണം നടത്തി. എം ടിയുടെ ചലച്ചിത്രലോകം സംവാദത്തിൽ സിബി മലയിൽ, വി കെ ശ്രീരാമൻ, ടി ഡി രാമകൃഷ്ണൻ, ഇ ജയകൃഷ്ണൻ, അർച്ചന വാസുദേവ് തുടങ്ങിയവർ പങ്കെടുത്തു

എം ടി: സാഹിത്യ പത്രാധിപർ എന്ന വിഷയത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ പ്രഭാഷണം നടത്തി. എം ടിയും പ്രസാദക ലോകവും എന്ന വിഷയത്തിൽ പെപ്പിൻ തോമസ്, കെ നൗഷാദ്, സി ഐ സി സി ജയചന്ദ്രൻ, പ്രതാപൻ തായാട്ട് എന്നിവർ സംസാരിച്ചു. ടി ടി വാസുദേവൻ സ്വാഗതവും വി രാജേന്ദ്രകുമാർ നന്ദിയും പറഞ്ഞു. രാത്രി 7.30ന് രാഗം ശ്രീരാഗം എന്ന പേരിൽ ഗായകരായ ജി ശ്രീറാം, ചെങ്ങന്നൂർ ശ്രീകുമാർ, റീന മുരളി, കാഞ്ചന ശ്രീറാം എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറി.


Read Previous

റമദാൻ മാസം മുഴുവൻ 55 ലക്ഷത്തിലധികം ഇഫ്താർ ഭക്ഷണം വിളമ്പും. സംസം വെള്ളത്തിന്റെ 20,000 കണ്ടെയിനറുകൾ; മക്കയിലെയും മദീനയിലെയും നോമ്പ്തുറ

Read Next

ദേശീയ മത്സ്യകർഷക അവാർഡ് ജേതാവ് മനോജ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »