ബന്ദികളെ തിരഞ്ഞ് യുഎസും! ഗാസയ്ക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തി


ഹമാസ് ബന്ദികളാക്കിയവരെ തേടി ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകള്‍ പറത്തി അമേരിക്ക. ഒക്ടോബര്‍ 7 ന് ഇസ്രായേലിനെ ആക്രമിച്ച് ഹമാസ് ബന്ദികളാക്കി യവരെ തേടിയാണ് പരിശോധന. 200ല്‍ അധികം വരുന്ന ബന്ദികളില്‍ പത്തോളം പേര്‍ തങ്ങളുടെ പൗരന്മാരാണെന്നാണ് അമേരിക്കയുടെ വാദം. ഇവരെയെല്ലാം ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖലയില്‍ തടവിലാക്കിയിരിക്കുകയാണ്.

ബന്ദികളെ കണ്ടെത്താനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിനായാണ് ഗാസയ്ക്ക് മുകളിലൂടെ രഹസ്യാന്വേഷണ ഡ്രോണുകള്‍ പറത്തുന്നതെന്ന് രണ്ട് യുഎസ് ഉദ്യോഗ സ്ഥര്‍ സ്ഥിരീകരിച്ചു. ഒരാഴ്ചയിലേറെയായി ഡ്രോണ്‍ വിമാനങ്ങള്‍ പറത്തുന്നുണ്ടെന്നാണ് അവകാശവാദം. ഇതിനിടെ ഹമാസിനെതിരായ ആക്രമണത്തില്‍ ഒരു പടി കൂടി കടന്ന് ഇസ്രായേല്‍ സൈന്യം ഗാസ മുനമ്പിലെ പ്രധാന നഗരം വളഞ്ഞു. ഗാസയുടെ വടക്ക് ഭാഗത്തുള്ള നഗരം ഇസ്രായേലിന്റെ ആക്രമണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുക യാണ്. അതിനാല്‍ സാധാരണക്കാര്‍ തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന നിര്‍ദ്ദേശം ഇസ്രായേല്‍ നല്‍കിയിരുന്നു.

ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിലേക്ക് നടത്തിയ അപ്രതീക്ഷിത ആക്രമണം 1400ലേറെ ജീവനുകളെടുത്തിരുന്നു. രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും രക്ഷരൂക്ഷിതമായ ദിനമായിരുന്നു അത്. പിന്നാലെ ഗാസയിലേക്ക് ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ 9,061 പേരിലേറെ കൊല്ലപ്പെട്ടു.

ഇതിനിടെ ഗാസ മുനമ്പിലെ ആശുപത്രികള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നതി നെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തി. നീക്കം നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഗാസയില്‍ അരങ്ങേറുന്ന ഭീകരത വിവരിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകള്‍ ഇല്ല. ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”ഗാസ സിറ്റിയിലും വടക്കന്‍ ഗാസയിലും ഇരുപത്തിമൂന്ന് ആശുപത്രികള്‍ ഒഴിയണ മെന്നാണ് ഉത്തരവ്. ഈ സാഹചര്യങ്ങളില്‍ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കും,” അദ്ദേഹം പറഞ്ഞു. ജനീവയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍, പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെയും മറ്റ് രോഗികളെയും സഹായിക്കാന്‍ മാനുഷികമായ പരിഗണന നല്‍കി ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും ടെഡ്രോസ് ആവര്‍ത്തിച്ചു.

ഗാസയില്‍ 8,500-ലധികവും ഇസ്രായേലില്‍ 1,400-ലധികം പേര്‍ ഉള്‍പ്പെടെ 10,000-ത്തിലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇരുവശത്തും കൊല്ലപ്പെട്ടതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 21,000-ലധികം ആളുകള്‍ക്ക് പരിക്കേറ്റു, കൂടാതെ 1.4 ദശലക്ഷം പേര്‍ ഗാസയില്‍ പലായനം ചെയ്യപ്പെട്ടു.

ഗാസയിലെ സ്ഥിതി വളരെ പരിതാപകരമാണ്. ആശുപത്രികള്‍ തിങ്ങിനിറഞ്ഞതും, മോര്‍ഗുകള്‍ നിറഞ്ഞു കവിഞ്ഞതും, അനസ്‌തേഷ്യയില്ലാതെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുന്നതുമൊക്കെ ചിന്തിക്കാന്‍ പോലുമാകില്ല. ടോയ്ലറ്റുകള്‍ നിറഞ്ഞ് കവിഞ്ഞൊഴു കുന്നത് മറ്റ് രോഗങ്ങള്‍ പടരാന്‍ സാധ്യത കൂട്ടുന്നു. ഇസ്രായേലി ബന്ദികളില്‍ പലര്‍ക്കും വൈദ്യസഹായം ആവശ്യമാണ്. അവരെ ഹമാസ് മോചിപ്പിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ ജനങ്ങളെ സഹായിക്കാന്‍ യുഎന്‍ ഏജന്‍സി പാടുപെടുകയാണെന്ന് എമര്‍ജന്‍സി ഡയറക്ടര്‍ ഡോ.മൈക്ക് റയാന്‍ പറഞ്ഞു. ഗാസയില്‍ പ്രവേശിക്കുന്ന ഏതെങ്കിലും അന്താരാഷ്ട്ര ജീവനക്കാര്‍ക്കോ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ക്കോ സുരക്ഷാ ഗ്യാരണ്ടികള്‍ ആവശ്യമാണ്. ഞങ്ങളെ യുദ്ധത്തില്‍ ഉപകരണമാക്കില്ല. ഞങ്ങള്‍ ഇതില്‍ കക്ഷിയാകില്ല.. ജീവന്‍ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ഉത്തരവാദിയായ ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെ ന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്.


Read Previous

തന്റെ പരാമർശം ലീഗിനെക്കുറിച്ചല്ല, വിവാദം ചില കൂലി എഴുത്തുകാരും സി.പി.എമ്മും ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ്’, പ്രതികരിച്ച് കെ സുധാകരൻ

Read Next

ഒന്നാംഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം; ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബാഗേല്‍ 508 കോടി വാങ്ങി; വെളിപ്പെടുത്തലുമായി ഇഡി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »