റിയാദ് : വഴി തെറ്റി അവശനായി മിലിട്ടറി മതിൽ ചാടി കടന്ന യുവാവിന് ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്. കഴിഞ്ഞ ഡിസംബർ 28 ന് ജിദ്ദയിൽ ജോലിക്കെത്തിയ കണ്ണൂർ സ്വദേശിയായ യുവാവിന് ജോലിയിൽ തുടരാൻ സാധിക്കാത്തതിനാൽ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. റിയാദ് എയർ പോർട്ട് വഴിയുള്ള വിമാനത്തിലാണ് മടക്ക യാത്രക്ക് ടിക്കറ്റ് ലഭിച്ചത്. ഇതിനെ തുടർന്ന് ജിദ്ദയിൽ നിന്നും ആഭ്യന്തര സർവീസ് വിമാനത്തിൽ റിയാദിലേക്ക് അയച്ചു. എന്നാൽ റിയാദിൽ എത്തിയ ഇദ്ദേഹത്തെ കുറിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനാൽ ജിദ്ദ നവോദയ വഴി നാട്ടിലെ ബന്ധുക്കൾ കേളിയെ വിവരമറിയിച്ചു.

കേളി ജീവകാരുണ്യ വിഭാഗം എയർപോർട്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തെ അവശനായ നിലയിൽ വിമാനത്താവളത്തിൽ കണ്ടെത്തി. റിയാദിൽ എത്തിയ സമയത്ത് ഒരു മലയാളി യുടെ ഫോണിൽ നിന്നും ജിദ്ദയിലെ സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചതാണ് ആകെയുണ്ടായിരുന്ന തെളിവ്. ഈ ഫോണിൽ പിന്നീട് ബന്ധപെടാൻ ശ്രമിച്ചപ്പോൾ ഫോൺ ഓഫായിരുന്നു. തുടർന്ന് കേളി മലാസ് ഏരിയയിലെ ജരീർ യൂണിറ്റ് അംഗം ശ്രീലാലിന്റെ നേതൃത്വത്തിൽ രണ്ട് വിമാനത്താവള ങ്ങളിലും മണിക്കൂറുകളോളം തിരച്ചിലിൽ നടത്തിയതിന് ശേഷമാണ് ആളെ കണ്ടെത്തിയത്. ഭയന്ന് പോയ ഇദ്ദേഹം ആരോടും സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ല. രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതിരുന്നതിനാൽ തീർത്തും അവശനായിരുന്നു.
കേളി ജീവകാരുണ്യ കമ്മറ്റി ജോയിന്റ് കൺവീനർ നാസർ പൊന്നാനി അൽഖർജിൽ നിന്നും റിയാദ് വിമാനത്താവളത്തിലെത്തി ഇദ്ദേഹത്തെ ഏറ്റെടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഡോക്ടറുടെ കൗൺസിലിങ്ങിനും ആറ് മണിക്കൂറോളം നീണ്ട നിരീക്ഷണത്തിനും ശേഷം ആശുപത്രി വിട്ടു. തുടർന്നുള്ള യാത്രാ ടിക്കറ്റ് ശരിയാകുന്നത് വരെ അൽഖർജിൽ താമസ സൗകര്യവും ഒരുക്കി നൽകി. അടുത്ത ദിവസം ടിക്കറ്റ് ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് നാസർ റിയാദിലേക്ക് തിരിച്ചു. ഈ സമയം റൂമിൽ നിന്നും പുറത്ത് പോയ ഇദേഹം ഏറെ വൈകിയും തിരിച്ചെത്തിയില്ല. ഇതേ തുടർന്ന് നാസർ പൊന്നാനി അൽഖർജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയപ്പോഴാണ്, മിലിറ്ററി ക്യാമ്പിൽ ഒരു ഇന്ത്യക്കാരനെ പിടികൂടിയതായി അറിയിപ്പ് ലഭിച്ചത്. പിടികൂടിയ ഇദ്ദേഹത്തെ ചോദ്യം ചെയ്യലിന് ശേഷം റിയാദ് ജയിലിലേക്ക് അയച്ചു. ന്യൂ സനയ്യയിലുള്ള ഇസ്‌ക്കാൻ ജയിലിൽ അടക്കപ്പെട്ട ഇദ്ദേഹം 12 ദിവസത്തോളം കിടക്കേണ്ടി വന്നു. നാസർ പൊന്നാനിയുടെ ജാമ്യത്തിലാണ് ഇയാളെ പുറത്ത് വിട്ടത്.
പിന്നീടുള്ള അന്വേഷണത്തിൽ, വിജനമായ പ്രദേശത്തിലൂടെ ഏറെ ദൂരം നടന്ന് ക്ഷീണിച്ചതിലാൽ വെള്ളം കിട്ടുമോ എന്നറിയുന്നതിനായാണ് താൻ മതിൽ ചാടി കടന്നതെന്ന് ഇയാൾ പറയുന്നത്. അൽ ഖർജ് പോലീസ് മേധാവി പറയുന്നത്, ചാടി വീണത് മിലിറ്ററി ഉദ്യോഗസ്ഥന്മാരുടെ ഏതാനും വാര ദൂരെ ആയതിനാൽ മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയതെന്നാണ്. അകലെയായിരുന്നെങ്കിൽ ഉടൻ ഷൂട്ട് ചെയ്തിട്ടുണ്ടാകുമായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
തൊട്ടടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരുന്ന ഇയാൾക്ക് പിന്നീട് പോലീസ് കേസ് അവസാനിക്കുന്ന രണ്ടുമാസം വരെ നിൽക്കേണ്ടിവന്നു. ഫെബ്രുവരി 28 ന് വിസാ കാലാവധി അവസാനിക്കുന്നതിനാൽ നിരന്തരം സർക്കാർ കാര്യാലയങ്ങളിൽ കയറിയിറങ്ങിയാണ് പെട്ടെന്ന് തന്നെ രേഖകൾ ശരിയാക്കി എക്സിറ്റ് സാധ്യമാക്കിയത്. ബുധനാഴ്ച രാത്രിയുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇദ്ദേഹം നാട്ടിലേക്ക് മടങ്ങി. അവിവാഹിതനായ ഇയാൾക്ക് മാതാപിതാക്കളും ഒരു സഹോദരിയും ഉണ്ട്.