ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം സെമിയ്‌ക്ക് റിസര്‍വ് ദിനമില്ല, നാളെ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം, രാവിലെ ഇന്ത്യൻ സമയം ആറിന് അഫ്‌ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ നേരിടും


സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് 2024 സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെയാണ് തുടക്കമാകുന്നത്. സൂപ്പര്‍ എട്ടിലെ രണ്ട് ഗ്രൂപ്പുകളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്‌ത ടീമുകളാണ് അവസാന നാലില്‍ കടന്നിരിക്കുന്നത്. ഒന്നാം ഗ്രൂപ്പില്‍ നിന്നും ഇന്ത്യ അഫ്‌ഗാനിസ്ഥാൻ ടീമുകളും രണ്ടാം ഗ്രൂപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടീമുകളും സെമി ഫൈനലിന് യോഗ്യത നേടി.

നാളെ രാവിലെ ഇന്ത്യൻ സമയം ആറിന് ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് ആദ്യ സെമി ഫൈനല്‍ പോരാട്ടം. രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ഈ മത്സരം.

നോക്ക്‌ഔട്ട് റൗണ്ടിലേക്ക് മത്സരങ്ങള്‍ എത്തുമ്പോള്‍ ടൂര്‍ണമെന്‍റില്‍ ഇടയ്‌ക്കിടെ രസം കൊല്ലിയായി എത്തിയ മഴ കളി മുടക്കാനെത്തുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്നും വ്യത്യസ്‌തമായി സെമിയ്‌ക്കും ഫൈനലിനും റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ മത്സരത്തിന് റിസര്‍വ് ദിനം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

അഫ്‌ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്ക ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന ആദ്യ സെമി ഫൈനല്‍ പോരാട്ടത്തിന് മാത്രമാണ് റിസര്‍വ് ദിനം നിശ്ചയിച്ചിരിക്കുന്നത്. നാളെ മത്സരം തടസപ്പെട്ടാല്‍ മാത്രമായിരിക്കും റിസര്‍വ് ദിനം ഉപയോഗിക്കുക. ആദ്യ സെമി ഫൈനലിന് 60 മിനിറ്റും റിസര്‍വ് ദിനത്തില്‍ 190 മിനിറ്റും അധികസമയം ഐസിസി അനുവദിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിന് റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല. രണ്ട് മത്സരങ്ങളുടെയും സമയങ്ങള്‍ കാരണമാണ് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടത്തിന് റിസര്‍വ് ദിനം അനുവദിക്കാത്തത്. ജൂണ്‍ 26 പ്രാദേശിക സമയം രാത്രി എട്ടരയ്‌ക്കാണ് ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ സെമി. ഗയാനയില്‍ ജൂണ്‍ 27 പ്രാദേശിക സമയം രാവിലെ 10:30 നാണ് ഇന്ത്യ ഇംഗ്ലണ്ട് മത്സരം ആരംഭിക്കുന്നത്.

29ന് ബാര്‍ബഡോസിലാണ് ഫൈനല്‍. കലാശപ്പോരിന് യോഗ്യത നേടുന്ന ടീമുകള്‍ക്ക് മത്സരവേദിയിലേക്ക് എത്താനുള്ള ട്രാവലിങ് ഡേയാണ് ജൂണ്‍ 28. ഈ സാഹചര്യ ത്തിലാണ് പ്രാദേശിക സമയം ജൂണ്‍ 27ന് നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിന് റിസര്‍വ് ദിനം അനുവദിക്കാതിരുന്നത്. ഇതിന് പകരം മത്സരത്തിന് അധിക സമയമായി 250 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. നിശ്ചയിച്ച ദിവസവും റിസര്‍വ് ഡേയിലും മത്സരം നടന്നില്ലെങ്കില്‍ സൂപ്പര്‍ എട്ടിലെ ഗ്രൂപ്പുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ ടീമുകള്‍ ഫൈനലിന് യോഗ്യത നേടും.


Read Previous

ഇത് സംഭവിച്ചത് പാകിസ്ഥാന്‍റെ കളിയിലാണെങ്കിലോ..?; ഇന്ത്യ പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന ആരോപണവുമായി ഇൻസമാം ഉള്‍ ഹഖ്

Read Next

വിധി നടപ്പാക്കാത്തത് ഭരണ സംവിധാനങ്ങളുടെ പരാജയം; സെക്രട്ടേറിയറ്റ് വളഞ്ഞാലും ഇങ്ങനെയാണോ ചെയ്യുക?; പള്ളിത്തർക്കത്തിൽ സർക്കാരിന് രൂക്ഷവിമർശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »