
ആഗ്രയില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നാല് പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തതായി യുവാവ് ആരോപിച്ചു. നായ്ക്കള്‍ കാരണം താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും ഇയാള്‍ അവകാശപ്പെട്ടു.
ജൂലൈ 18 ന് ആഗ്രയിലെ അര്‍ട്ടോണി പ്രദേശത്ത് വെച്ച് അങ്കിത്, ഗൗരവ്, കരണ്‍, ആകാശ് എന്നീ നാല് പേര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചതായി രൂപ് കിഷോര്‍ എന്ന യുവാവ്. പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെത്താന്‍ ശ്രമിച്ചശേഷം മരിച്ചെന്ന് കരുതി അവരുടെ കൃഷിയിടത്തില്‍ കുഴിച്ചിടുകയായിരുന്നു.
തെരുവ് നായ്ക്കള്‍ തന്നെ കുഴിച്ചിട്ട സ്ഥലം മാന്തി തന്റെ മാംസം കടിച്ചുകീറിയപ്പോള്‍ ബോധം തിരിച്ചുകിട്ടിയതോടെയാണ് താന്‍ രക്ഷപ്പെട്ടതെന്ന് കിഷോര്‍ പറയുന്നു.
അതിനുശേഷം, താന്‍ അടുത്തുള്ള ഗ്രാമത്തിലേക്ക് നടന്നുവെന്നും അവിടെ നിന്ന് തന്നെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെന്നും കിഷോര്‍ പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികള്‍ തന്റെ മകനെ വീട്ടില്‍ നിന്ന് ബലമായി കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കിഷോറിന്റെ അമ്മ പറയുന്നു.
മാധ്യമങ്ങളോട് സംസാരിച്ച സിക്കന്ദ്ര പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) നീരജ് ശര്‍മ്മ, നാല് പ്രതികള്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അവരെ തിരയുകയാണെന്നും പറഞ്ഞു.