തിരുവനന്തപുരം: ഗതാഗതമന്ത്രി ഗണേഷ് കുമാറും മുന്‍ മന്ത്രി ആന്റണി രാജുവും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തേക്ക്. കെഎസ്ആര്‍ടിസി ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിന്റെ ഉദ്ഘാടനദിവസം ഗണേഷ് കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് ആന്റണി രാജു രംഗത്തുവന്നു.തന്നെ അറിയിക്കാതെയുള്ള ഉദ്ഘാടനത്തിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.

ചടങ്ങിന് ക്ഷണിക്കാത്തതില്‍ വിഷമമില്ലെന്നും തന്റെ കുഞ്ഞാണ് ഇലക്ട്രിക് ബസ്സെന്നും ആന്റണി രാജു പറഞ്ഞു. താന്‍ ഗതാഗത മന്ത്രിയായ സമയത്താണ് സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി, 100 കോടി അനുവദിച്ച് കിട്ടിയാണ് 103 ഇലക്ടിക് ബസുകളും രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളും വാങ്ങാന്‍ തീരുമാനിച്ചത്. ജനുവരി ആദ്യ ആഴ്ചയില്‍തന്നെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ എത്തി. രണ്ടാമത്തെ ആഴ്ച അടുത്ത ബസും എത്തി. യഥാര്‍ഥത്തില്‍ ജനുവരിയില്‍ തന്നെ ഓടിത്തുടങ്ങേണ്ടതായിരുന്നു. വണ്ടികള്‍ ഒരുമാസമായി വെറുതെ കിടക്കുക യായിരുന്നു.
ഇതിലെ പോയപ്പോഴാണ് രണ്ട് ബസുകളും ഉദ്ഘാടന കര്‍മത്തിനായി ഒരുക്കി നിര്‍ത്തിയിരിക്കുന്നത് കണ്ടത്. തന്നോട് ബന്ധപ്പെട്ടവര്‍ പറഞ്ഞത് പുത്തരിക്കണ്ടത്ത് നായനാര്‍ പാര്‍ക്കിലാണ് ഇത്രയും ബസുകള്‍ ഒരുമിച്ച് ഫ്ലാഗ് ഓഫ് ചെയ്യുക എന്നായിരുന്നു. എന്നാല്‍, ഇവിടെവെച്ചാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്ന് ഇപ്പോളാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ നഗരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ ഉള്ള സംസ്ഥാനം കേരളമാണ്. വടക്കേ ഇന്ത്യയില്‍ ഇലക്ട്രിക് ഡബിള്‍ ഡെക്കറേയില്ല. ഓപ്പണ്‍ റൂഫുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ആണ് തിരുവനന്തപുരത്തേത്. ഇതൊക്കെ മന്ത്രിയായിരുന്നപ്പോള്‍ വാങ്ങിക്കാന്‍ സാധിച്ചുവെന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ആന്റണി രാജു പറഞ്ഞു. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ വാങ്ങിയ ബസാണ് ഇതെല്ലാം. അത് റോഡിലിറങ്ങുമ്പോള്‍ ഡെലിവറി നടക്കുന്ന സമയത്ത് ഒരച്ഛനുണ്ടാകുന്ന സന്തോഷമാണ് ഇപ്പോള്‍ തനിക്കെന്നും ആന്റണി രാജു പറഞ്ഞു.
കഴിഞ്ഞ തവണ 50 ബസുകള്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത് കിഴക്കേകോട്ടയ്ക്ക് സമീപമുള്ള വലിയശാലയില്‍വെച്ചാണ്. അവിടെവെച്ചൊക്കെ ചെയ്യുന്നതിന് പകരം ഒഴിഞ്ഞ മൂലയില്‍ വെച്ച് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്തിനാണെന്നും ആന്റണി രാജു ചോദിച്ചു. പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ പരിഭവമില്ല. ഇത് എന്റെ കൂടി കുഞ്ഞല്ലേ. ആരു വളര്‍ത്തിയാലും കുഴപ്പമില്ല. അതുകൊണ്ട് കാണാനുള്ള കൗതുകം കൊണ്ട് ഇറങ്ങിയെന്നേയുള്ളുവെന്നും ആന്റണി രാജു പറഞ്ഞു. ആന്റണി രാജുവിന്റെ മണ്ഡലത്തില്‍ നിന്ന് ഉദ്ഘാടന ചടങ്ങുകള്‍ മാറ്റിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന.