
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലോകം നടുങ്ങിയപ്പോള്‍ ഉള്ളുലഞ്ഞ് കശ്മീര്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് കശ്മീരില്‍ ഭീകരാക്രമണം നടക്കുന്നത്. 29 പേരുടെ ജീവനെടുത്ത ആക്രമണ ത്തെ അപലപിച്ച് കശ്മീര്‍ ജനത ഒന്നടങ്കം പ്രതിഷേധിക്കുന്ന കാഴ്ചയായിരുന്നു ബുധനാഴ്ച കണ്ടത്. കടകള ടച്ചും അക്രമികള്‍ക്കെതിരെ പ്രതിഷേധവുമായും ജനങ്ങള്‍ തെരുവിലിറങ്ങി.
സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചിരിക്കുന്നു, കശ്മീരിനോ ഇസ്ലാമിനോ ഗുണം ചെയ്യുന്നതല്ല ഇത്തരം നടപടികള്‍ എന്നും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ നടന്ന പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയതിന് ശേഷം താഴ്‌വരയില്‍ ഒരു കടകള്‍ പോലും തുറക്കാതെ ഒരു ദിനമായിരുന്നു ബുധനാഴ്ച. ആറ് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടായിരുന്നു ഇത്തരം ഒരു ദിനമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയ തെക്കന്‍ കശ്മീര്‍ മേഖലകളിലും ആക്രണത്തെ അപലപിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി.
കശ്മീരിലെ പ്രമുഖ നേതാക്കള്‍ എല്ലാം അക്രമത്തെ അപലപിച്ച് രംഗത്തെത്തി. പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുള്‍പ്പെടെ തെരുവില്‍ പ്രതിഷേധിച്ചു. ലോകത്തിന് മുന്നില്‍ കശ്മീരിനെ നാണം കെടുത്തുന്ന നടപടി എന്നാണ് മെഹബൂബ മുഫ്തി ആക്രമണത്തെ വിശേഷിപ്പിച്ചത്. സംഭവത്തില്‍ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയുന്നതായും മെഹബൂബ വ്യക്തമാക്കി. ശ്രീനഗറില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്ത് അവര്‍ പ്രതികരിച്ചു. കശ്മീരിലെ ഭരണ കക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും ലാല്‍ ചൗക്കില്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനങ്ങളിലെ വന്‍ ജനപങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. രൂക്ഷമായ ഭാഷയിലായിരുന്നു ആക്രമണത്തെ ജനങ്ങള്‍ അപലപിച്ചത്. അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാന്‍ ആകില്ലെന്നും, നിരപരാധിയുടെ ജീവനെടുക്കുന്നത് മനുഷ്യ രാശിക്ക് എതിരായ ആക്രമണത്തിന് തുല്യമാണെന്നും പ്രതിഷേധ പ്രകടത്തില്‍ പങ്കെടുത്ത ശ്രീനഗര്‍ സ്വദേശി ഹാജി ബഷീര്‍ അഹമ്മദ് ദാര്‍ പിടിഐയോട് പ്രതികരിച്ചു.
പഹല്‍ഗാമില്‍ ഉണ്ടായ ആക്രമണം കശ്മീരികളുടെ ജീവിതത്തെ ബാധിക്കുന്നതാണ് എന്നാണ് പൊതുവെ ഉയരുന്ന വികാരം. കശ്മീരിന്റെ സാമ്പത്തിക മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തെടെയാണ് ആക്ര മണം നടത്തിയതെന്ന് കുല്‍ഗാമില്‍ വ്യാപാരിയായ മുഹമ്മദ് ഇഖ്ബാല്‍ പറയുന്നു. ‘കശ്മീര്‍ സന്ദര്‍ശിക്കാന്‍ നിരപരാധികളായ സഹോദരീ സഹോദരന്മാരെയാണ് അവര്‍ ലക്ഷ്യം വച്ചത്. സംഭവിക്കാന്‍ പാടില്ലാത്ത കൊലപാതകങ്ങളില്‍ ഓരോ കശ്മീരിയും ദുഃഖിതനാണ്. കശ്മീരികളുടെ ജീവിതം, വ്യാപാരം എന്നിവ യെല്ലാം ടൂറിസവുമായി ബന്ധപ്പെട്ടതാണ്. വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞാല്‍ അത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പഹല്‍ഗാം അക്രമത്തിന് എതിരെ തെരുവില്‍ ഇറങ്ങുന്നതിലൂടെ കശ്മീരികള്‍ തീവ്രവാദത്തോടൊപ്പമല്ല എന്ന സന്ദേശമാണ് ലോകത്തിന് നല്‍കുന്നത് എന്നും കുല്‍ഗാമില്‍ നിന്നുള്ള വ്യാപാരിയായ മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇസ്ലാമിന്റെ അനുയായികളോ ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭ്യുദയകാംക്ഷികളോ അല്ലെന്ന് ശ്രീനഗറില്‍ നിന്നുള്ള ലോക്സഭാ എംപി ആഗ സയ്യിദ് റുഹുള്ള മെഹ്ദി പറഞ്ഞു. കശ്മീരില്‍ ആക്രമണം നടത്തിയവര്‍ ഇസ്ലാം വിശ്വാസികളോ കശ്മിരീകളോ അല്ല. ഞങ്ങളുടെ പേരിലോ ഞങ്ങളുടെ മതത്തിന്റെ പേരിലോ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ് ജമ്മു കശ്മീരിലെ ജനങ്ങള്‍ പറയുന്നത്. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ മണ്ണിടിച്ചിലിന്റെയും വെള്ളപ്പൊക്കത്തിന്റെയും ദുരിതങ്ങളില്‍ നിന്ന് കരകയറാത്ത ജമ്മുവിലെ റംബാന്‍ ജില്ലയില്‍ പോലും ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള ബന്ദ് പൂര്‍ണമായിരുന്നു. തന്ത്രപ്രധാനമായ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ മുസ്ലീം-ഹിന്ദു വിഭാഗക്കാർ സംയുക്തമായി നടത്തിയ പ്രതിഷേധം ഒരുപക്ഷേ ഈ മേഖലയില്‍ ചരിത്രത്തില്‍ ആദ്യമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുസ്ലീം മതപണ്ഡിതരായിരുന്നു പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.