
റിയാദ്: പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്റ്റേഷനുകള്‍ ഇന്ന് (ശനി) തുറക്കുമെന്ന് റിയാദ് റോയല്‍ കമ്മീഷന് അറിയിച്ചു. മലസ്, അല്‍റാജ്ഹി ജുമാമസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്റ്റേഷനുകളാണ് നാളെ മുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തിപ്പിച്ചു തുടങ്ങുക.
ഓറഞ്ച് ലൈനില്‍ കഴിഞ്ഞ മാസം രണ്ടു സ്റ്റേഷനുകള്‍ തുറന്നിരുന്നു. റെയി ല്‍വേ സ്റ്റേഷന്, ജരീര്‍ ഡിസ്ട്രിക്ട് സ്റ്റേഷന് എന്നിവയാണ് കഴിഞ്ഞ മാസം തുറന്നത്. റിയാദ് മെട്രോയുടെ മൂന്നാമത്തെ ലൈനാണ് ഓറഞ്ച് ലൈന്‍. മദീന റോഡ്-പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന് അല്‍അവ്വല്‍ റോഡ് ദിശയിലുള്ള ഓറഞ്ച് ലൈനിന് 40.7 കിലോമീറ്റര്‍ നീളമുണ്ട്.
ആധുനിക എന്‍ജിനീയറിംഗ് സവിശേഷതകള്‍ക്ക് അനുസൃതമായ രൂപകല്പന മെട്രോ സ്റ്റേഷനുകളെ വാസ്തുവിദ്യാ സൗന്ദര്യവും പ്രവര്‍ത്തനക്ഷമതയും സംയോജിപ്പിക്കുന്ന ബഹുമുഖ ഉപയോഗ കേന്ദ്രങ്ങളാ ക്കി മാറ്റുന്നു. ഉപയോക്താക്കള്‍ക്ക് ദര്‍ബ് ആപ്പ് വഴി റിയാദ് മെട്രോ സേവനം പ്രയോജനപ്പെടുത്താവു ന്നതാണ്. മെട്രോ സര്‍വീസുകള്‍ യാത്രകള്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാനും സുസ്ഥിരതയെ പിന്തുണക്കാനും ആധുനികവും സുരക്ഷിതവുമായ ഗതാഗത സേവനങ്ങള്‍ നല്‍കാനുമുള്ള റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പ്രതിബദ്ധത യാണ് ട്രെയിന്‍ ശൃംഖലയുടെ വിപുലീകരണം പ്രതിഫലിപ്പിക്കുന്നത്.
2024 ഡിസംബര്‍ ഒന്നിനാണ് റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് തുടക്കമായത്. റിയാദ് മെട്രോയില്‍ ആകെ ആറു ലൈനുകളാണുള്ളത്. ഇതില്‍ പെട്ട മൂന്നാം ട്രാക്ക് ആയ ഓറഞ്ച് ലൈനിലാണ് (മദീന റോഡ്) അവസാനമായി സര്‍വീസ് ആരംഭിച്ചത്. ഓറഞ്ച് ലൈനില്‍ 2025 ജനുവരി അഞ്ചു മുതലാണ് സര്‍വീസു കള്‍ തുടങ്ങിയത്. ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് ആയ അബ്ദുറഹ്മാന് ബിന്‍ ഔഫ് ജംഗ്ഷന്-ശൈഖ് ഹസന് ബിന്‍ ഹുസൈന് റോഡ് (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ ഡിസംബര്‍ ഒന്നിനും രണ്ടാം ട്രാക്ക് ആയ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), അഞ്ചാം ട്രാക്ക് ആയ കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ റൂട്ടുകളില്‍ 2024 ഡിസംബര്‍ 15 മുതലും സര്‍വീസ് ആരംഭിച്ചു.