റിയാദ്: മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കാനും. ഗാസ യുദ്ധം അവസാനിപ്പിക്കാനും സൗദി അറേബ്യ യും അമേരിക്കയും ധാരണയിലെത്തിയതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകു മാരന്‍ അറിയിച്ചു. എത്രയും വേഗം വെടിനിര്‍ത്തല്‍ കരാറില്‍ എത്തിച്ചേരണമെന്ന് ഗള്‍ഫ്-അമേരിക്ക ഉച്ചകോടി സമാപിച്ച ശേഷം റിയാദില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വിദേശ മന്ത്രി പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചില്ലെങ്കില്‍ ഗാസയിലേക്ക് സഹായം എത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കും.

നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ലാതെ ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കേണ്ടതിന്റെ ആവശ്യകത സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ കരാറി ല്‍ എത്തിച്ചേരേണം. ഇക്കാര്യത്തില്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള സന്നദ്ധത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ ബന്ദിയെ മോചിപ്പിച്ചത് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് അടിസ്ഥാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെക്കേണ്ടതിന്റെയും മുനമ്പിലെ ജനങ്ങള്‍ക്ക് തടസ്സമില്ലാതെ സഹായം എത്തിക്കേണ്ടതിന്റെയും ആവശ്യകത രാജ്യം തുടര്‍ന്നും ഉന്നയിക്കും. ഇത് അടിസ്ഥാന പരവും അടിയന്തിരവുമായ ആവശ്യമാണ്, കാരണം വെടിനിര്‍ത്തല്‍ ഇല്ലെങ്കില്‍ ഗാസയിലെ പലസ്തീന്‍ ജനത ഭീഷണിയിലും ദുരിതത്തിലും തുടരും. യാതൊരു നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ലാതെ ഗാസയില്‍ സഹായം എത്തിക്കണം. മുന്‍ഗണന സ്ഥിരമായ വെടിനിര്‍ത്തലിനായിരിക്കണം.
സിറിയക്കെതിരായ ഉപരോധങ്ങള്‍ നീക്കാനുള്ള നടപടിക്രമപരമായ കാര്യങ്ങളില്‍ സൗദി അറേബ്യ അമേരിക്കയുമായി ഏകോപനം നടത്തുന്നുണ്ട്. സിറിയയുടെ സ്ഥിരതക്ക് അമേരിക്കന്‍ ഉപരോധങ്ങള്‍ നീക്കാനുള്ള തീരുമാനം ആവശ്യമാണ്. സിറിയന്‍ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കാന്‍ സൗദി അറേബ്യ മുന്‍പന്തിയിലുണ്ടാകും. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഅ്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്നിവര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചകള്‍ സിറിയയെ പിന്തുണക്കേണ്ടതിന്റെ ആവശ്യകതക്ക് അടിവരയിടുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകളെ സൗദി അറേബ്യ പൂര്‍ണമായും പിന്തുണക്കുന്നു. ഇക്കാര്യത്തില്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം സൗദി അറേബ്യയെ പിന്തുണക്കും.
അമേരിക്കയിലെ സൗദി നിക്ഷേപങ്ങള്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ആകര്‍ഷകമായ നിക്ഷേപ കാലാവസ്ഥ കണക്കിലെടുക്കുന്നതുമായ തന്ത്രപരമായ തീരുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്ത കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കു മെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.