
6,000 മീറ്റർ ആഴത്തിലുള്ള ഇന്ത്യയുടെ ആഴക്കടൽ തേടിയുള്ള മനുഷ്യൻ്റെ ആദ്യ ദൗത്യം 2026 ഓടു കൂടി ആരംഭിക്കും. ഇന്ത്യയുടെ ആദ്യ ആഴക്കടൽ മനുഷ്യ ദൗത്യം കൂടിയാണിത്.’മത്സ്യ’ എന്ന കപ്പലിലായി രിക്കും ഇന്ത്യയുടെ ആഴക്കടൽ സന്ദർശനം. “സമുദ്രയാൻ” എന്നാണ് ദൗത്യത്തിൻ്റെ പേര്. 2026 ഓടു കൂടി ഇത് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT) ഡയറക്‌ടർ ബാലാജി രാമകൃഷ്‌ണൻ പറഞ്ഞു.
ഐസിഎആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിഎംഎഫ്ആർഐ) ‘നീല സമ്പദ്‌വ്യവസ്ഥയിൽ മത്സ്യബന്ധനത്തിൻ്റെ പങ്ക്’ എന്ന വിഷയത്തിൽ അഞ്ച് ദിവസത്തെ ദേശീയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്‌ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്ന് ശാസ്ത്രജ്ഞരെ ‘മത്സ്യ’ എന്ന കപ്പൽ വഹിക്കും. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള NIOT ആണ് ആഴക്കടൽ ദൗത്യത്തിൻ്റെ നിർവ്വഹണ ഏജൻസി.
സമുദ്രത്തിൻ്റെ അടിത്തട്ടിലേക്ക്
ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ 25 ടൺ ഭാരമുള്ള നാലാം തലമുറ വാഹനം ആഴക്കടലിലെ കടുത്ത മർദത്തെയും താപനിലയെയും നേരിടാൻ പ്രത്യേകം രൂപക ൽപ്പന ചെയ്‌തിട്ടുള്ളതാണ്. ടൈറ്റാനിയം കൊണ്ട് നിർമ്മിച്ച ഒരു ഹൾ ഇതിനകത്ത് കാണാം.
ഈ ദൗത്യം ഇന്ത്യയുടെ ആഴക്കടൽ ഗവേഷണത്തിന് ഒരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നു. ആഴക്കടലിലെ ജീവജാലങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ഇത് മൂലം സാധിക്കും. സമുദ്ര നിരീക്ഷണം, ആഴക്കടൽ ടൂറിസം എന്നിവയ്‌ക്കുള്ള സാധ്യതകളും തുറക്കുന്നു”. രാമകൃഷ്‌ണൻ പറഞ്ഞു.
ആഴക്കടലിൽ മുങ്ങാനും അതു പോലെ തിരിച്ചു വരാനും ഏകദേശം നാലു മണിക്കൂർ എടുക്കും. മത്സ്യ ജീവികളുടെ പ്രജനനത്തിനായി അതിനുതകുന്ന തരത്തിലുള്ള സാഹചര്യം സമുദ്രത്തിൻ്റെ അടിത്തട്ടിൽ നിർമ്മിക്കാനായി ‘സമുദ്രരാജിവ’ എന്ന പേരിൽ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. പോഷകസമൃദ്ധ മായ ആഴക്കടൽ രൂപപ്പെടുന്നതോടുകൂടി ജലജീവസസ്യങ്ങൾക്ക് ഇത് ഒരുപാട് ഉപകാരപ്പെടും.
ജല ജീവികളുടെ സാമീപ്യം
വ്യത്യസ്‌ത സെൻസറുകൾ ഘടിപ്പിച്ചെടുത്ത സമുദ്രരാജിവയ്‌ക്ക് മത്സ്യങ്ങളുടെ ബയോമാസ്, വളർച്ച, ചലനം, ജല ഗുണനിലവാരം എന്നിവ അകലെ നിന്നുപോലും നിരീക്ഷിക്കാൻ കഴിയും. സമുദ്ര ജീവികളു ടെ വികസന പ്രവർത്തനങ്ങളിലെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായിരിയ്‌ക്കും ഈ നേട്ടമെന്ന് നാഷണ ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT) ഡയറക്‌ടർ ബാലാജി രാമകൃഷ്‌ണൻ പറഞ്ഞു.
സമുദ്ര മത്സ്യബന്ധന മേഖലയിലെ സുസ്ഥിര വികസനത്തിന് ഈ വളർന്നുവരുന്ന സാങ്കേതികവിദ്യകൾ നിർണായകമാകുമെന്നും രാജ്യത്തിൻ്റെ സമുദ്ര സമ്പത്തിൽ ഇത് ഒരുപാട് നേട്ടങ്ങൾ സൃഷ്‌ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഎംഎഫ്ആർഐയും വിജ്ഞാന ഭാരതിയും ചേർന്ന് മത്സ്യബന്ധന പരിശീ ലന പരിപാടി സംഘടിപ്പിച്ചു.
എൻഐഒടിയുടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ സമുദ്ര ഗവേഷണം ചെയ്യുന്നത് ഇന്ത്യയിലെ സമുദ്ര സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്ക് സഹായകമാകുമെന്ന് സിഎംഎഫ്ആർഐ ഡയറക്‌ടർ ഡോ. ഗ്രിൻസൺ ജോർജ് തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കടൽപ്പായൽ കൃഷിയുടെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് സാങ്കേതിക വികസനം അടിയന്തര ആവശ്യമാണ്.
മത്സ്യത്തൊഴിലാളികളെയും മത്സ്യ കർഷകരെയും പിന്തുണയ്ക്കുന്നതിന് ജെല്ലിഫിഷുകളുടെയും ദോഷകരമായ ആൽഗകടെയും സത്യാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകേണ്ടതിൻ്റെ ആവശ്യകത യെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൻ്റെ മുൻ ഡയറക്‌ടർ സതീഷ് ഷെണോയ്, വിഭ സെക്രട്ടറി ജനറൽ വിവേകാനന്ദ പൈ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (എൻഐഒ) മുൻ ഡയറക്‌ടർ ഡോ. എസ്. പ്രസന്ന കുമാർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.