മലയാളിക്ക് ഇന്ന് ഉത്രട’പാച്ചില്‍’, സദ്യയൊരുക്കാൻ, ഓണക്കോടി എടുക്കാൻ, ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടം


ഓണക്കോടി മുതൽ ഓണക്കളികളുമായി ആഘോഷതിമിർപ്പിലാണ് മലയാളികൾ. സദ്യ വിളമ്പാൻ വാഴയില മുതൽ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളിൽ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്. ഒരുക്കങ്ങളൊക്കെ എത്ര കഴിഞ്ഞാലും ഉത്രാടപ്പാച്ചിൽ ഇല്ലാതെ മലയാളികൾക്ക് ഓണം പൂർത്തിയാകില്ല.

ഐശ്വര്യത്തിന്‍റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണത്തിനെ വരവേൽ ക്കാനുള്ള അവസാനഘട്ട ഒരുക്കമാണ് ഉത്രാടപ്പാച്ചിൽ. നേരത്തേ വാങ്ങാൻ മറന്ന സാധനങ്ങൾ എല്ലാം ഈ ദിവസമാണ് വാങ്ങുന്നത്. പലവ്യഞ്ജനങ്ങൾ, തുണി ത്തരങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വീടുകളിൽ പൂക്കൾ കൊണ്ടുള്ള അലങ്കാരത്തോടെ ശനിയാഴ്ച വൈകീട്ട് നിലവിളക്കും കത്തിക്കും.

ഓണ വിപണി

സപ്ലൈകോയുടെ 14 ജില്ലാ ചന്തകളിലും 77 താലൂക്ക്‌ ചന്തകളിലും നിയമസഭ മണ്ഡല ചന്തകളിലും വലിയ തിരക്കാണ്‌. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ 15-0-0 സഹകരണച്ചന്ത പ്രവർത്തിക്കുന്നു. സർക്കാരിന്റെ 13 ഇന സബ്‌സിഡി സാധനങ്ങളും മറ്റ്‌ നിത്യോപയോഗ സാധനങ്ങളും വലിയ വിലക്കുറവിൽ ഇവിടെ കിട്ടും. ഇരുനൂറോളം സാധനങ്ങൾക്ക്‌ ആകർഷകമായ ഇളവുമുണ്ട്‌.

സപ്ലൈകോ ചന്ത അഞ്ചുമുതലും സഹകരണച്ചന്ത ആറിനും ആരംഭിച്ചിരുന്നു. കൃഷി വകുപ്പ്‌ 2000 പച്ചക്കറി ചന്ത തുറന്നിട്ടുണ്ട്‌. ഇവിടെ പച്ചക്കറിക്ക്‌ 30 ശതമാനം വിലക്കുറ വുണ്ട്‌. കർഷകരിൽ നിന്ന്‌ പൊതുവിപണിയേക്കാൾ പത്തുശതമാനം അധികവില നൽകി സംഭരിച്ച പച്ചക്കറികളാണ്‌ കൂടുതലും. കുടുംബശ്രീ നേതൃത്വത്തിലും സംസ്ഥാനത്തുടനീളം ചന്തകൾ ആരംഭിച്ചിട്ടുണ്ട്‌. എല്ലാ ചന്തകളും ശനി വൈകിട്ടോടെ സമാപിക്കും. 7500 ടൺ പൂക്കളാണ്‌ കേരളത്തിന്റെ പാടങ്ങളിൽനിന്ന്‌ വിപണിയിലേക്ക്‌ എത്തിയത്‌. മിൽമ 125 ലക്ഷം ലിറ്റർ പാലും അധികമായി വിതരണത്തിന്‌ എത്തിച്ചു.

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാട ദിവസം (തിരുവോ ണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുവാന്‍ മലയാളികള്‍ നടത്തുന്ന യാത്രയ്ക്കാണ് ഉത്രാടപ്പാച്ചില്‍ എന്നു പറയുന്നത്. മലയാളികള്‍ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈ യ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണ് ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.

ഉത്രാട ദിനത്തിലെ ഓണത്തിനെ ഒന്നാം ഓണം എന്നാണ് വിളിക്കുന്നത്. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നും വിളിക്കാറുണ്ട്. മുതിര്‍ന്നവര്‍ തിരുവോണം കെങ്കേമമാക്കാന്‍ ഓടി നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടിലിരുന്ന് ആഘോഷിക്കും. തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം ഉത്രാട ദിനത്തിലാണ് വാങ്ങിക്കുന്നത്.

ഉത്രാടം, ഉച്ചയോടെയാണ് ഉത്രാടപ്പാച്ചില്‍ എന്ന വാക്ക് അന്വര്‍ത്ഥമാകുന്നത്. ‘ഉത്രാടം ഉച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്ക് വെപ്രാളം’ എന്ന് ചില ദേശങ്ങളില്‍ ഒരു ചൊല്ലു തന്നെയുണ്ട്. ഓണം പ്രധാനമായും ഉത്രാടം മുതലാണെങ്കിലും തിരുവോണം തന്നെയാണ് ഓണം.

ഓണത്തിനുള്ള സ്പെഷ്യല്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വം പൊതുവെ സ്ത്രീകള്‍ക്കാണല്ലോ. എന്നാല്‍ ‘കാശുണ്ടെങ്കില്‍ എന്നും ഓണം’ എന്നാണു ചിലരുടെ നിലപാട്. എങ്കിലും ഓണത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഓണക്കോടിയും ഒക്കെ ഓണ സമയത്തു തന്നെ വാങ്ങണം എന്നത് മിക്കവര്‍ക്കും നിര്‍ബന്ധം തന്നെയാണ്. ഇതാണ് ഉത്രാട പാച്ചിലിനു ആക്കം കൂട്ടുന്നത്.

കൂടാതെ സദ്യയിലേക്ക് വേണ്ട ചില വിഭവങ്ങളും ഉത്രാട ദിനത്തില്‍ രാത്രിയില്‍ തന്നെ തയ്യാറാക്കി വെക്കും. ഉപ്പേരി, പുളി ഇഞ്ചി, വിവിധ തരം അച്ചാറുകള്‍ എന്നിവയുടെ തയ്യാറാക്കല്‍ പൂര്‍ത്തിയാക്കുന്നതും ഉത്രാടം ദിനത്തിലാണ്.


Read Previous

കോഴിക്കോടങ്ങാടിയിൽ മാളുകൾ അനവധിവന്നെങ്കിലും മിഠായി തെരുവിനെ അതൊന്നും ബാധിച്ചിട്ടില്ല; ഓണക്കാലത്ത് മൊഞ്ചത്തിയായി മിഠായി തെരുവ്; രാപ്പകലില്ലാതെ ജനത്തിരക്ക്

Read Next

‘മകൾ ഡൽഹി പൊലീസിന്റെ പിടിയിലാണ്’- അൻവർ സാദത്ത് എംഎൽഎയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »