
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ശുപാര്‍ശ നല്‍കി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടു നിര്‍മ്മാണം തുടങ്ങി പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ മൊഴിയുടെ അടിസ്ഥാ നത്തിലാണ് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിജിലന്‍സ് അന്വേഷ ണത്തിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
സാമ്പത്തിക ആരോപണങ്ങള്‍ ആയതിനാല്‍ പ്രത്യേക സംഘത്തിന് അന്വേഷിക്കാനാ കില്ലെന്ന് ഡിജിപി ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് പി വി അന്‍വറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ അനധികൃത സ്വത്തു സമ്പാദനം, സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളു മായുള്ള ബന്ധം തുടങ്ങി നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ആരോപിച്ചിരുന്നു.
ഈ മൊഴി പരിശോധിച്ച ശേഷമാണ് ഡിജിപി, സാമ്പത്തിക ക്രമക്കേട് ആരോപണ ങ്ങളില്‍ വിജിലന്‍സ് അന്വേഷണമാണ് വേണ്ടതെന്ന് രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. മൊഴിയില്‍ പറയുന്ന അഞ്ചു കാര്യങ്ങള്‍ വിജിലന്‍സിന് കൈ മാറണമെന്നാണ് ശുപാര്‍ശ. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറി മുഖേന ഇന്നുതന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ കൈമാറിയേക്കും. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചേക്കുമെന്നാണ് സൂചന.
മിത്തോ”,”അഭ്യൂഹമോ” അല്ല..; ‘ബൂമറാങ്ങ് ആവുമെന്ന ആരുടെയോ ഉപദേശമാണവരെ പിന്തിരിപ്പിച്ചത്
ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ലതല്ലെന്ന എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്റെ വിമർശനം തള്ളി പി വി അൻവർ എംഎൽഎ. ‘നീതി കിട്ടിയില്ലെങ്കിൽ അത് കിട്ടും വരെ പോരാടും. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല. എനിക്ക് വേണ്ടിയല്ല, നമ്മൾ ഓരോരുത്തവർക്കും വേണ്ടിയാണ് സഖാക്കളെ ഈ പോരാട്ടം’. പി വി അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
“മിത്തോ”,”അഭ്യൂഹമോ” അല്ല.. എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ, തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആർഎസ്‌എസ് കത്തിച്ചെങ്കിൽ അതിന്റെ പേരിൽ കണ്ണൂരിലുള്ള സഖാവ് കാരായി രാജന്റെ ഫോൺ ചോർത്തുന്നത് എന്തിനെന്ന് അൻവർ ചോദിക്കുന്നു. നിരപരാധികളായ സഖാക്കളെ വേട്ടയാടുന്ന പൊലീസിലെ ചിലരുടെ മനോഭാവം എതിർക്കപ്പെടേണ്ടതുണ്ട്. അവസാനിപ്പിക്കപ്പെടേണ്ടതുണ്ട്. എന്നും അൻവർ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി; എസ്ഐടി യോഗം ഇന്ന്
തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ കൈമാറി. എസ്ഐടിക്ക് നേതൃത്വം നൽകുന്ന ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് റിപ്പോർട്ട് നൽകിയത്. പ്രത്യേക സംഘത്തിന്‍റെ യോഗം ക്രൈം ബ്രാഞ്ച് എഡിജിപി ഇന്ന് വിളിച്ചുചേർത്തിട്ടുണ്ട്.
രാവിലെ പത്തരയ്ക്ക് പൊലീസ് ആസ്ഥാനത്താണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെയെല്ലാം പ്രത്യേക സംഘം നേരിൽ കണ്ട് അന്വേഷണം നടത്തുകയും കേസെടുക്കാൻ പരാതിക്കാർ തയ്യാറായാൽ മുന്നോട്ടുപോകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. 50 ലധികം പേർ ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. ഇവരെയെല്ലാം എസ്ഐടി നേരിട്ട് കാണും.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. രണ്ടാഴ്ച സമയമാണ് അനുവദിച്ചിട്ടുള്ളത്. അതിനാൽ അന്വേഷണ സംഘത്തിലെ ഓരോരുത്തരും ചെയ്യേണ്ട നടപടികള്‍ ചർച്ച ചെയ്യാനാണ് ഇന്നത്തെ യോഗം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യാത്മകത പുറത്തുപോകരുതെന്നും ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.
ശശിക്കെതിരെ അന്‍വര്‍ ഇന്നേവരെ ഒരു ആരോപണവും എഴുതി നല്‍കിയിട്ടില്ല; എഡിജിപി വിഷയത്തില്‍ ഇടതുമുന്നണി ഒറ്റക്കെട്ട്
ന്യൂഡല്‍ഹി: പി ശശിക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ ഇന്നേവരെ ഒരു ആരോ പണവും ഒരു പരാതിയും എഴുതി നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എഴുതി നല്‍കിയ ആരോപണം ഉണ്ടെങ്കില്‍ അന്വേഷണം നടത്തും. ഇപ്പോഴത്തെ അന്വേഷണത്തില്‍ ഉയര്‍ന്നുവന്ന എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് എംവി ഗോവിന്ദന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു,
എഡിജിപിയുടെ വിഷയത്തില്‍ ഇടതുമുന്നണിയില്‍ വ്യത്യസ്ത അഭിപ്രായമില്ല. യോജിച്ച തീരുമാനമാണ് ഉണ്ടായത്. ഏറ്റവും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍മാരുടെ പട്ടികയി ലാണ് എഡിജപിമാര്‍. അതുകൊണ്ടാണ് എല്ലാ പരിശോധിക്കുന്നതിനായി മുഖ്യമന്ത്രി ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെതിരെയുള്ള ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉടന്‍ തന്നെ നടപടി എടുത്തിട്ടുണ്ട്. അതേ നിലപാട് തന്നെയാകും എഡിജിപിയുടെ കാര്യത്തിലും. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് ഒരു പ്രതിസന്ധിയും ഇല്ല. നിങ്ങള്‍ സൃഷ്ടിച്ച വാര്‍ത്ത നിങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ വരാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാകുന്നത് പാര്‍ട്ടിയല്ല മാധ്യമങ്ങളാണ്. കള്ളവാര്‍ത്ത സൃഷ്ടിക്കുകയും ആ വാര്‍ത്തക്ക് അടിസ്ഥാനമാക്കി സര്‍ക്കാര്‍ നീങ്ങാതെ വരുമ്പോള്‍ പ്രതിസന്ധിയാലാകുന്നത് മാധ്യമങ്ങളാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
വാര്‍ഡ് വിഭജനം : മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ മാസം 24 ന്; ഭൂരിഭാഗം വാര്‍ഡുകളും വീട്ടു നമ്പറും മാറും
തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വാര്‍ഡ് വിഭജനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം 24 ന് പുറത്തിറങ്ങും. 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാകും കൂടുന്നത്. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം വാര്‍ഡുകളും വീട്ടു നമ്പറും മാറും.
ആകെ 15,962 വാർഡുകൾ ഉണ്ടായിരുന്നത് 17,337 ആയി ഉയരും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആകും. ജില്ല പഞ്ചായത്തുകളിൽ 15 ഡിവിഷനുകളും കൂടും. വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുള്ള കരട് ഒക്ടോബറിൽ നല്‍കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ് ചുമതല.
വാര്‍ഡ് വിഭജനത്തില്‍ പാലിക്കേണ്ടത് എന്തൊക്കെ, അതിര്‍ത്തി നിര്‍ണയിക്കേണ്ടത്, വോട്ടര്‍മാരുടെ എണ്ണം എത്രവരെയാകാം തുടങ്ങിയവയെല്ലാം മാര്‍ഗനിര്‍ദേശത്തിലുണ്ടാകും. പുഴ, മല, റോഡ്, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാകും അതിർത്തി നിശ്ചയിക്കുക. തുടർന്ന് ജില്ലാ കലക്ടർ ആക്ഷേപങ്ങളും പരാതികളും കേൾക്കും. എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർഡ് പുനർവിഭജനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കുക.