ടി.പി വധക്കേസ്: വെറുതെവിടണമെന്ന പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി, രണ്ടുപേരെ വെറുതേവിട്ടത് റദ്ദാക്കി



കൊച്ചി: ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അപ്പീലുകളിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി. വെറുതെവിടണമെന്ന പ്രതികളുടെ അപ്പീൽ കോടതി തള്ളി. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. രണ്ടുപേരെ വെറുതെവിട്ട വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. എല്ലാ പ്രതികളും ഈമാസം 26-ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

ടി.പി. വധക്കേസിൽ 10, 12 പ്രതികളായിരുന്ന ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗം കെ.കെ. കൃഷ്ണൻ, കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിൻ മുൻ അംഗം ജ്യോതിബാബു എന്നിവരെ വെറുതേവിട്ട നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം പി.മോഹനനെ വെറുതെ വിട്ടത് കോടതി ശരിവെച്ചു

12 പ്രതികൾ ശിക്ഷാവിധിക്കെതിരേ നൽകിയ അപ്പീലും പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സി.പി.എം. നേതാവ് പി. മോഹനനടക്കമുള്ളവരെ കേസിൽ വെറുതേവിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എൽ.എ. നൽകീയ അപ്പീലിലുമാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

നേരത്തെ വിചാരണ കോടതി 12 പേരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതികൾ ഹൈക്കോടതിയിൽ എത്തിയത്. എന്നാൽ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. പി. മോഹനൻ അടക്കം വെറുതെവിട്ട 24 പേരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

36 പ്രതികൾ ഉണ്ടായിരുന്ന കേസിൽ, കൊലയാളി സംഘാംഗങ്ങളായ ഏഴുപേരടക്കം 12 പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി, ടി.കെ രാജീവൻ അടക്കം ഏഴുപേരായിരുന്നു കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത്. പന്ത്രണ്ടുപേരിൽ മൂന്നുപേർ സി.പി.എമ്മുമായി ബന്ധപ്പെട്ട പ്രധാന ആളുകളായിരുന്നു. ഇതിൽ പി.കെ. കുഞ്ഞനന്തൻ ശിക്ഷാകാലയളവിൽ മരിച്ചിരുന്നു. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ.സി. രാമചന്ദ്രൻ, ട്രൗസ‍ർ മനോജ് ഉൾപ്പടെയുള്ളവരെ ജീവപര്യന്തം തടവിനും പ്രതികളിൽ ഒരാളായ ലംബു പ്രദീപിന് മൂന്നു വർഷം കഠിന തടവും വിചാരണകോടതി ശിക്ഷ വിധിച്ചിരുന്നു.

2012 മേയ് നാലിനാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് വിട്ടുപോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മകാരായ പ്രതികള്‍ കൊലപാതകം നടത്തി എന്നാണ് കേസ്.


Read Previous

എട്ടുമണിക്കൂര്‍ പിന്നിട്ടു, കുട്ടി എവിടെ? മഞ്ഞ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം, ഹെല്‍പ് ലൈന്‍ നമ്പറുകള്‍

Read Next

എന്തുവന്നാലും ഞങ്ങളുടെ മൃതദേഹം മകളെ കാണിക്കരുത്’; കൊല്ലത്ത് ദമ്പതികള്‍ ജീവനൊടുക്കിയത് കുറിപ്പെഴുതി വച്ച ശേഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »