
റിയാദ്: സൗദി അറേബ്യയിലെ വാഹന ഉടമകള്‍ക്ക് കുടിശികയുള്ള ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് പ്രയോജനപ്പെടുത്താനുള്ള അവസരം ഏപ്രില്‍ 18 വരെ മാത്രമായിരിക്കുമെന്ന് സൗദി ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു. അതിനു മുമ്പ് കുടിശികകള്‍ അടച്ചുതീര്‍ക്കാന്‍ അധികൃതര്‍ അടയ്ക്കാന്‍ ഡ്രൈവര്‍മാരോട് നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ വര്‍ഷം അഥവാ 2024 ഏപ്രില്‍ 18 ന് മുമ്പ് നടത്തിയ നിയമലംഘനങ്ങള്‍ക്കാണ് 50 ശതമാനം കിഴിവ് ബാധകമാവുക. അതിന് ശേഷം ഉണ്ടായ ട്രാഫിക് പിഴകള്‍ക്ക് ഇളവ് ബാധകമാവില്ല. വാഹന ഉടമകള്‍ക്ക് അവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ അവസരം നല്‍കുന്നതിന് വേണ്ടി അനുവദിച്ച ആനുകൂല്യം ഉപയോഗപ്പെടുത്താത്തവര്‍, ഏപ്രില്‍ 18ന് ശേഷം മുഴുവന്‍ തുകയും അടയ്‌ക്കേണ്ടിവരും.
ഡ്രൈവര്‍മാര്‍ക്ക് തങ്ങള്‍ക്കുള്ള ട്രാഫിക് പിഴകള്‍ മുഴുവനെടുത്ത് അതിൻ്റെ പകുതി അടച്ച് ബാധ്യതകള്‍ തീര്‍ക്കാം. കിഴിവ് തുക മുഴുവനും ഒറ്റയടിക്ക് അടയ്ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ഓരോ നിയമലംഘന ത്തിനുമുള്ള പിഴകളുടെ പകുതി അടയ്ക്കുന്ന രീതിയും അവലംബിക്കാം. നിങ്ങളുടെ പിഴ അടയ്ക്കു ന്നതിന്, ബില്ലുകള്‍, സര്‍ക്കാര്‍ സേവന ഫീസ്, പിഴകള്‍ എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സദദ് പേയ്‌മെൻ്റ് സിസ്റ്റം ഉപയോഗിക്കാം. അല്ലെങ്കില്‍ ദേശീയ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ അടയ്ക്കുന്ന പ്ലാറ്റ് ഫോം ആയ ഇഫാ (EFAA) വഴിയും പേയ്‌മെൻ്റുകള്‍ നടത്താം.
അതേസമയം, പിഴ കുടിശ്ശികയില്‍ ഇളവ് ലഭിക്കുന്നതിന് ചില വ്യവസ്ഥകള്‍ സൗദി ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതുപ്രകാരം ഇളവ് കാലയളവില്‍ ചില ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തുന്ന കുറ്റവാളികള്‍ക്ക് കുടിശിക കിഴിവിന് അര്‍ഹത ഉണ്ടായിരിക്കില്ല.വാഹനം അപകടകരമായ രീതിയില്‍ ഓടിച്ച് ഡ്രിഫ്റ്റിംഗ് നടത്തുന്നതാണ് ഇവയിലൊന്ന്. മയക്കുമരുന്നുകളുടെയോ നിരോധിത വസ്തുക്കളു ടെയോ സ്വാധീനത്തില്‍ വാഹനമോടിക്കല്‍, മണിക്കൂറില്‍ 120 കിലോമീറ്റര്‍/ 140 കിലോമീറ്റര്‍ എന്നീ വേഗത പരിധി കവിയുക എന്നീ നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും പിഴയിളവ് ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ സ്വദേശികളും വിദേശികളുമായ ഡ്രൈവര്‍മാര്‍ക്ക് പിഴ ഇളവിന് അര്‍ഹതയുണ്ടായിരിക്കും. ഏപ്രില്‍ 18ന് മുമ്പായി പിഴകള്‍ അടച്ചുതീര്‍ക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഇളവ് കാലാ വധി കഴിയുന്ന മുറയ്ക്ക് മുഴുവന്‍ തുകയും കണ്ടുകെട്ടാനാണ് അധികൃതരുടെ തീരുമാനം.