പുടിന് മുന്നറിയിപ്പുമായി ട്രംപ്: യുദ്ധം അവസാനിക്കാൻ ആഗ്രഹിക്കുന്നില്ല, എന്നെ വെറുതെ കളിപ്പിക്കുന്നു


വാഷിംഗ്ടൺ: ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ, റഷ്യൻ പ്രസിഡന്റ് പുടിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കീവ് ഉൾപ്പെടെയുള്ള ഉക്രെയ്ൻ നഗരങ്ങളിൽ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ട്രംപ് ‘അനാവശ്യവും തെറ്റായ സമയത്തുള്ളതുമായ’ പ്രവൃത്തിയെന്ന് വിമർശിച്ചു. ‘പുടിൻ യുദ്ധം അവസാ നിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല, എന്നെ വെറുതെ കളിപ്പിക്കുകയാണ്. അദ്ദേഹത്തെ ബാങ്കിംഗ് അല്ലെങ്കിൽ സെക്കൻഡറി സാങ്ഷനുകൾ വഴി വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടിവരും’ തന്റെ സ്വന്തം സോഷ്യ ല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് എഴുതി.

കഴിഞ്ഞ ദിവസം കീവില്‍ റഷ്യ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 90-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 66 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും 145 ഷഹീദ് ഡ്രോണുകളും ഉപയോഗിച്ചുള്ള ഈ ആക്രമണം ഈ വർഷം ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ആക്രമണമായിരുന്നു. ഈ ആക്രമണത്തിന് പിന്നാലെ, ‘വ്ലാഡിമിർ, നിർത്തൂ… 5000 സൈനികർ ആഴ്ചതോറും മരിക്കുന്നു. സമാധാന കരാർ പൂർത്തിയാക്കൂ’ എന്നും ട്രംപ് പോസ്റ്റ് ചെയ്തു.

അമേരക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിൽ പുടിനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. നിബന്ധനകളില്ലാത്ത ചർച്ചയ്ക്ക് പുടിന്‍ തയ്യാറാണെന്ന് ക്രെംലിൻ അവകാശപ്പെട്ടെങ്കിലും, ഉക്രെയ്നിന്റെ നാറ്റോ അംഗത്വം ഉപേക്ഷിക്കുക, ക്രിമിയ ഉൾപ്പെടെ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. ട്രംപ്, ഉക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കിയുമായി റോമിൽ നടത്തിയ കൂടിക്കാഴ്ചയിൽ, ക്രിമിയ റഷ്യയ്ക്ക് വിട്ടുകൊടുക്കണമെന്ന് നിർദേശിച്ചിരുന്നു, എന്നാൽ സെലെൻസ്കി ഇത് ശക്തമായി നിരസിച്ചു.

റഷ്യൻ എണ്ണ കയറ്റുമതിക്ക് 25% തീരുവ ചുമത്തുമെന്നും ബാങ്കിംഗ് സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നുമാണ് ട്രംപ് തന്റെ മുന്നറിയിപ്പിലൂടെ നല്‍കുന്ന സൂചന. എന്നാൽ, യൂറോപ്യൻ നേതാക്കൾ, ട്രംപിന്റെ നയം പൂർണ്ണമായും റഷ്യന്‍ അനുകൂലമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ‘ട്രംപിന്റെ നിർദേശങ്ങൾ യുദ്ധത്തിന്റെ ഇരയെക്കാൾ ആക്രമണകാരിയെ പിന്തുണയ്ക്കുന്നതായി തോന്നുന്നു’ ബ്രിട്ടനിലെ റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നീൽ മെൽവിൻ പറഞ്ഞു.’

അതേസമയം സെലെൻസ്കി പറയുന്നത് റഷ്യയുടെ “സമാധാന” വാഗ്ദാനങ്ങൾ വെറും പ്രചാരണമാണെ ന്നും, പുടിന്റെ ലക്ഷ്യം ഉക്രെയ്നിന്റെ അടിമുടി തകർക്കലാണെന്നുമാണ്.


Read Previous

പഹല്‍ഗാം ഭീകരാക്രമണം: പാകിസ്ഥാനെതിരെ യുദ്ധം വേണ്ടെന്ന് സിദ്ധരാമയ്യ, ‘രാജ്യസുരക്ഷയില്‍ വിള്ളല്‍’

Read Next

ഉക്രൈൻ യുദ്ധം പരിഹരിക്കാം: ഉപാധികളില്ലാത്ത ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »