
വാഷിങ്ടൻ: അമേരിക്കയിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണി. ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന മൈക്ക് വാൾട്സിനെ തൽസ്ഥാനത്തിന് നീക്കി പകരം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ഇടക്കാല ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ചു. ഐക്യരാഷ്ട്ര സഭയിൽ യുഎസ് അംബാസഡറാക്കിയാണ് വാൾട്സിന് പകര ചുമതല നൽകിയിരിക്കുന്നത്.
തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഐക്യ രാഷ്ട്ര സംഘടനയിൽ യുഎസിന്റെ അടുത്ത അംബാസഡറായി മൈക്ക് വാൾട്സിനെ നാമനിർദേശം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. യുദ്ധക്കളത്തിൽ യൂണിഫോമിൽ ഇരിക്കുന്ന കാലം മുതൽ, കോൺഗ്രസിലും എന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിലും, മൈക്ക് വാൾട്സ് നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകാൻ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. തന്റെ പുതിയ പദവിയിലും അദ്ദേഹം അതുതന്നെ ചെയ്യുമെന്ന് എനിക്കറിയാം.’– ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പറഞ്ഞു.
യെമൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള സിഗ്നൽ ചാറ്റിൽ മാധ്യമപ്രവർത്തകനെ തെറ്റായി ഉൾപ്പെടു ത്തിയത് മൈക്ക് വാൾട്ട്സ് ആയിരുന്നു. യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകന് സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്ന് കിട്ടിയ വിവരം പുറത്തുവന്നതോടെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം മൈക്ക് വാൾട്ട്സ് ഏറ്റെടുത്തിരുന്നു.യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതർ സൈനിക പദ്ധതികൾ ചർച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചത്