‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ സൗദി അറേബ്യന്‍ ദേശിയതയുടെ ശക്തമായ രണ്ടു ദിനങ്ങള്‍ ‘സ്ഥാപക ദിനവും’ ‘ദേശിയ ദിനവും’ ചരിത്രം, ഒരു തിരിഞ്ഞു നോട്ടം


സൗദിയില്‍ അടുത്ത കാലത്തയിട്ടാണ് സൗദി ദേശിയ ദിനവും സ്ഥാപക ദിനവും വിപുലമായി ആഘോഷിക്കുന്നത് നിരവധി ചരിത്ര നൂഹുര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച രാജ്യം ഇന്ന് ലോകത്തിലെ തന്നെ വളര്‍ന്നു വരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പ്രമുഖ സ്ഥാനമാണ് സൗദിഅറേബ്യക്ക് ഉള്ളത് അതിനിടയില്‍ ആണ് രാജ്യത്തിന്‍റെ തൊണ്ണൂറ്റിനാലാമത് ദേശിയ ദിനം കടന്നു വരുന്നത്, ദേശിയ ദിനത്തിന്‍റെ ഭാഗമായി രാജ്യം ആഘോഷ തിമിര്‍പ്പിലേക്ക് കടക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. സൗദിയില്‍ രണ്ടു ദിനങ്ങള്‍ സ്ഥാപക ദിനവും, ദേശിയ ദിനവും ഏറ്റവും ഭംഗിയായി കൊണ്ടാടുന്ന ദിനങ്ങളാണ് എന്താണ് ദേശിയ ദിനം? എന്താണ് സ്ഥാപക ദിനം? അറിയാം

സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്

കാലചക്രം 299 വർഷങ്ങൾക്ക് മുമ്പേക്ക് തിരിഞ്ഞെത്തുകയാണ്. ഉജ്ജ്വലവുമായൊരു സന്ദേശം മുറുകെപ്പിടിച്ച് തലയെടുപ്പോടെ ഇന്നും തുടരുന്ന ഒരു പ്രയാണം അതിന്റെ ആവിർഭാവ നാളിലേയ്ക്ക് തിരിഞ്ഞു നോക്കുന്നു. ഉത്ഥാനത്തിന്റെ ഉത്തുംഗത ഉൽഘോഷിക്കുന്ന ഇന്നത്തെ തലമുറ ഗതകാലം ഓർത്തെടുക്കുകയും അത് വരും തലമുറകൾക്കായി കൈമാറുകയും ചെയ്യുകയാണ് ദേശിയ ദിനവും സ്ഥാപക ദിനവും സാർത്ഥകമാക്കുന്നതിലൂടെ ചെയ്യുന്നത്.

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍

അഞ്ചോ ആറോ തലമുറകൾക്കപ്പുറമുള്ള ഇന്നലെയെ മറക്കാതെയും, ഇന്നിൽ മതിമറക്കാതെയുമുള്ള ഈ കുലീന കാൽവെപ്പ് നടത്തിയ ഇന്നത്തെ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അല്‍ സഊദ് രാജാവും അദ്ദേഹത്തിന്റെ പുത്രനും പ്രധാനാന്ത്രിയും പ്രതിശ്രുത പിൻഗാമിയുമായ മുഹമ്മദ് രാജകുമാരനും സ്ഥാപകദിനം ആചരിക്കുന്നതിലൂടെ 2022ല്‍ മറ്റൊരു ചരിത്രത്തിനാണ് നാന്ദി കുറികുറിച്ചത് ഏതാണ്ട് മൂന്ന് ശതാബ്ദങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ ക്രിസ്താബ്ദം 1727 ന്റെ തുടക്കത്തിൽ (ഹിജ്‌റാബ്ദം 1139 ന്റെ മദ്ധ്യം) ഇമാം മുഹമ്മദ് ബിൻ സഊദ് ശിലാസ്ഥാപനം നിർവഹിച്ച മഹാസൗധത്തിന്റെ ഇന്നത്തെ പേരാണ് സൗദി അറേബ്യ. ഫെബ്രുവരി 22 നായിരുന്നു അതെന്ന് കണക്ക് കൂട്ടിയെടുക്കുകയും ചെയ്തു. അതാണ് സൗദി അറേബ്യയുടെ സ്ഥാപക ദിനം. (‘യൗമ് ബദയ്‌നാ’ അഥവാ ‘നമ്മൾ തുടങ്ങിയ ദിവസം’ ആണത്). അങ്ങനെ ആദ്യ മായി (22 02 2024) പ്രസ്തുത സ്ഥാപക ദിനം വീരേതിഹാസപ്പകിട്ടോടെയാണ് ആഘോഷിച്ചത്

വിശുദ്ധിയുടെയും വിനോദത്തിന്റെയും എല്ലാവർക്കും പ്രിയങ്കരമായി മാറിക്കൊണ്ടി രിക്കുന്ന സൗദി അറേബ്യ. ഇപ്പോഴത്തെ ഭരണാധികാരി സൽമാൻ രാജാവിന്റെ അഞ്ചാം പിതാമഹൻ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യ സൗദി ഭരണത്തിന് തുടക്കമിട്ട ചരിത്ര സംഭവമാണ് സ്ഥാപകദിനം അനുസ്മരിപ്പിക്കുന്നത്. മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് എ ഡി 1727 (ഹിജ്റ 1139) മുതൽ 1818 (1233) വരെയായിരുന്നു ദർഇയ്യ തലസ്ഥാനമായി കൊണ്ടുള്ള ആദ്യ സൗദി ഭരണം. ഇപ്പോഴത്തെ തലസ്ഥാനമായ റിയാദിന്റെ വടക്ക് പടിഞ്ഞാറൻ പ്രാന്തപ്രദേശത്താണ് ദർഇയ്യ സ്ഥിതി ചെയ്യുന്നത്.

അതേസമയം, സെപ്റ്റംബർ 23 ലെ ദേശീയ ദിനം അബ്ദുൽ അസീസ് രാജാവ് സൗദി അറേബ്യയുടെ ഏകീകരണം സാധ്യമാക്കിയ മറ്റൊരു ചരിത്ര സംഭവത്തെയാണ് അടയാളപ്പെടുത്തുന്നത്. 1932 സെപ്തംബർ 23 (1351 ജമാദുൽ അവ്വൽ 21) നായിരുന്നു സൗദി അറേബ്യയുടെ ഏകീകരണം സംഭവിച്ചത്. അതോടെ ‘ഹിജാസ് – നജ്ദ് – അനുബന്ധ രാജദേശം’ എന്ന അതുവരെ ഉണ്ടായിരുന്ന പേര് മാറുകയും ‘സൗദി അറേബ്യൻ രാജദേശം’ എന്ന പേരിൽ ഇന്നും ശക്തമായി നിലനിൽക്കുന്ന രാഷ്ട്രം യാഥാർഥ്യ മാവുകയുമായിരുന്നു.

അതോടെ, ദേശീയ പ്രാധാന്യമുള്ള രണ്ട് ദിനങ്ങളായി സൗദി അറേബ്യയ്ക്ക് ആചരി ക്കാനും ആഘോഷിക്കാനും – സെപ്റ്റംബർ 23 ന് ‘ദേശീയ ദിനം’, ഫെബ്രുവരി 22 ന് ‘സ്ഥാപക ദിനം’ എന്നിവ. ഇവ രണ്ടും പൊതു അവധി ദിനങ്ങളാണ്. സ്ഥാപക ദിനം 2022 ൽ സൽമാൻ രാജാവും ദേശീയ ദിനം 2005 ൽ അബ്ദുല്ല രാജാവുമാണ് പൊതു അവധിയായി പ്രഖ്യാപിച്ചത്.

രാജ്യം തൊണ്ണൂറ്റിനാലാമത് ദേശിയ ദിനം ആഘോഷത്തിന് തയ്യാറെടുക്കുമ്പോള്‍ ഇനിയുള്ള ദിവസങ്ങളിലായി സൗദിയിലെ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും ആഘോഷം അടയാളപ്പെടുത്താനായി ഔദ്യോഗികവും മറ്റുമായ നിരവധി വർണാഭമായ പരിപാടികൾ അരങ്ങേറും. രാജ്യത്തിന്റെ ചരിത്രവും സാംസ്‌കാരിക സാമൂഹികവുമായ പൈതൃകം ഉയർത്തി പിടിക്കുന്ന ഒട്ടനവധി പരിപാടികളും കല പ്രകടനങ്ങളും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അരങ്ങു തകർക്കും.

ദിവസങ്ങൾ നീളുന്ന കരിമരുന്ന് പ്രയോഗവും ആകാശത്ത് ഡ്രോണുകളുടെ അഭ്യാസ ങ്ങളും ഉണ്ടായിരിക്കും. നാട്ടിലെങ്ങും ആഘോഷ പരിപാടിയുടെ ഭാഗമായി മജ്ലിസുക ളൊരുങ്ങും. സൗദിയിലെ പുരാതന സൂഖുകൾ പ്രതേകം അലങ്കരിക്കും. ആഘോഷ കേന്ദ്രങ്ങളിൽ സൗദിയുടെ ആതിഥ്യ മേന്മയുടെ മാനങ്ങൾ ഉയർത്തിക്കാട്ടും.

സൗദിയുടെ ചരിത്രം പറയുന്ന ഭൂപ്രദേശങ്ങൾ, പഴയകാല ചിത്രങ്ങൾ, നൂറ്റാണ്ടുകൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, അക്കാലത്തെ തെരുവ് ചന്തയുടെ ചിത്രം തുടങ്ങി പഴയ സൗദിയിലേക്ക് ശ്രദ്ധ തിരിക്കുന്ന ചിഹ്നങ്ങൾ ട്വിറ്റർ സ്‌നാപ്പ് ചാറ്റ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ആഘോഷത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമാകാൻ ചെറുകിട വൻകിട സ്ഥാപന ങ്ങളും മറ്റ് സേവന മേഖലകളും അവരുടെ സാധനങ്ങൾക്കും സേവനങ്ങൾക്കും പ്രത്യേക ഓഫറുകളുമായും ആഘോഷം ജനകീയമാക്കുന്നുണ്ട്.

അതിവിപുലമായ ഒരുക്കങ്ങളാണ് വിവിധ പ്രവിശ്യകളിൽ നടന്നുവരുന്നത്. വാനിലു യർന്ന് പാറുന്ന ഹരിത പതാകകളിൽ ശുഭ്രാക്ഷരങ്ങളിൽ വിശുദ്ധ വചനങ്ങൾ. പൊതു സ്ഥലങ്ങളിലും പ്രധാന റോഡുകളിലും മേൽപാലങ്ങളിലും ആനന്ദത്തിന്റെ ഹരിതാഭ. അതേസമയം, ആഘോഷം അതിരു കടക്കാതിരിക്കാൻ ദേശീയ ദിനത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളും അധികൃതർ ഏർപ്പെടുത്തും.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങൾ നഗര വീഥികളി ലൂടെ സഞ്ചാരം തുടങ്ങി. നഗര സഭകളുടെ നേതൃത്വത്തിൽ പ്രധാന നഗരവീഥികളിൽ സൗദിയുടെ ദേശീയ പതാകകളും തോരണങ്ങളും വർണദീപങ്ങളും സ്ഥാപിക്കുന്ന ജോലികൾ തകൃതിയായി നടക്കുന്നു.

കടകളിലും ബുക്ക് സ്റ്റാളുകളിലും ദേശീയ പതാകയുടെയും ആഘോഷം പൊടി പൊടി ക്കാനുള്ള സാധന സാമഗ്രികളുടെയും വിൽപന ദിവസങ്ങൾക്കു മുമ്പു തന്നെ തുടങ്ങി ക്കഴിഞ്ഞു. ദേശീയ പതാകകൾ, തൊപ്പികൾ, പച്ച റിബണുകൾ, ടീഷർട്ടുകൾ, ഷാളുകൾ തുടങ്ങിയവയാണ് വിൽപനക്ക് തയാറാക്കിയിരിക്കുന്നത്. വാണിജ്യ കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും ദേശീയ ദിനത്തെ സ്വഗതം ചെയ്തു കൊണ്ടുള്ള ബാനറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ നഗരസഭകളുടെ ആഭിമുഖ്യത്തിലാണ് നഗരങ്ങളിൽ പതാകകളും രാജാവിന്റെയും രാഷ്ട്രസ്ഥാപകന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങളും കമാനങ്ങളും മറ്റും സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്.


Read Previous

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, മന്ത്രിസഭ അംഗികാരം വന്നെങ്കിലും കടക്കേണ്ടത് കടമ്പകള്‍ ഏറെ, 18 ഭരണഘടനാ ഭേദഗതികള്‍ ആവിശ്യമായി വരും, പാസ്സാകാന്‍ 326 പേരുടെ പിന്തുണവേണം ആരെല്ലാം എന്‍ഡിഎയ്ക്കു പുറത്തുനിന്ന് പിന്തുണക്കും ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു

Read Next

സൗദിയിനിന്ന് മകളുടെ വിവാഹത്തിന് വരുന്നിതിനിടെ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »