
അബുദാബി: സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ രണ്ട് യു.എ.ഇ പൗരന്മാർ മരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നാഷണൽ സെർച്ച് ആൻഡ് റസ്ക്യൂ സെന്ററിന്റെ നേതൃത്വത്തിൽ വ്യോമ മാർഗം യു.എ.ഇയിലെത്തിച്ചു.
സൗദിയിലെ ഹെയ്ലിലുള്ള കിങ് ഖാലിദ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് മൂന്നു പേരെയും ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയത്. അയൽ രാജ്യങ്ങളായ സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള യാത്രയിൽ യു.എ.ഇ പൗരന്മാർ ഉൾപ്പെടുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, രക്ഷാ പ്രവർത്തനത്തിൽ സഹകരിച്ച സൗദി അറേബ്യ അധികൃതർക്ക് യു.എ.ഇ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ആഴ്ചകൾക്കുമുമ്പ് ഒമാനിൽ ഉണ്ടായ അപകടത്തിൽ യു.എ.ഇ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.