
ദില്ലി: ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഹരിയാന സന്ദർശിക്കാൻ പോയ സിപിഐ പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞു. സംഘർഷ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് എംപിമാരായ ബിനോയ് വിശ്വവും പി സന്തോഷ് കുമാറും ഉൾപ്പടെയുള്ള സംഘത്തെ നൂഹില് തടഞ്ഞത്. അതേസമയം, കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നത് ഇന്നും സംസ്ഥാനത്ത് തുടരുകയാണ്. എംപിമാരായ ബിനോയ് വിശ്വം, പി സന്തോഷ് കുമാർ എന്നിവരടങ്ങുന്ന നാലംഗ പ്രതിനിധി സംഘമാണ് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാനായി പോയത്.
എന്നാൽ നൂഹിലേക്ക് പോകാൻ പോലീസ് അനുവദിച്ചില്ല. തുടർന്ന് ഗുരുഗ്രാം അടക്കമുള്ള മറ്റ് സംഘർഷബാധിത മേഘലകൾ സന്ദർശിച്ച് സംഘം മടങ്ങി. നൂഹ് മെഡിക്കൽ കോളേജിൽ മലയാളി വിദ്യാർത്ഥികളടക്കം ദുരിതത്തിലാണെന്ന് നേതാക്കൾ പറഞ്ഞു. അതിനിടെ സംഘർഷമുണ്ടായ സ്ഥലങ്ങൾ ഇന്ന് സന്ദർശിക്കുമെന്ന് സിപിഎമ്മും അറിയിച്ചിരുന്നെങ്കിലും പിന്നീട് യാത്ര റദ്ദാക്കി. പിബി അംഗം ബൃന്ദ കാരാട്ട്, മലായളി എംപിമാരായ ജോൺ ബ്രിട്ടാസ്, എഎ റഹീം എന്നിവരുൾപ്പെടുന്ന സംഘം നിലവിലെ സാഹചര്യം കണക്കിലെടുത്താണ് യാത്ര മാറ്റിയത്.
തുടർച്ചയായി മൂന്നാം ദിവസവും നൂഹിൽ ഇടിച്ചുനിരത്തൽ തുടരുകയാണ്. ബഹുനില ഹോട്ടൽ കെട്ടിടമടക്കം അനധികൃതമെന്ന് ആരോപിച്ചാണ് ജെസിബി ഉപയോഗിച്ച് തകർത്തത്. വിഎച്ച്പി സംഘടിപ്പിച്ച ഘോഷയാത്രക്കുനേരെ ഈ കെട്ടിടങ്ങൾക്കുമുകളിൽനിന്നും കല്ലേറുണ്ടായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിട ഉടമകളിൽ ചിലരെ കേസിൽ പ്രതികളാക്കിയിട്ടുണ്ട്.
എന്നാൽ സംഘർഷത്തിൽ പങ്കില്ലെന്നും കെട്ടിടം പൊളിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഉടമകൾ പ്രതികരിച്ചു. ഹരിയാന ആംആദ്മി പാർട്ടി ന്യൂനപക്ഷ സെൽ സംസ്ഥാന കോർഡിനേറ്റർ ജാവേദ് അഹമ്മദിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംഘർഷം തുടങ്ങിയ ജൂലൈ 31ന് രാത്രി ബജ്റംഗ്ദൾ പ്രവർത്തകൻ പ്രദീപ് കുമാറിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.