പലസ്തീനികള്‍ക്ക് സ്വതന്ത്രമായ ഒരു രാഷ്ട്രം അനുവദിച്ച് മാത്രമേ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കൂ, ഇസ്രായേലിന്‍റെ കെണിയില്‍ വീഴില്ല യുഎഇ; ഗാസ ഭരണത്തില്‍ യുഎഇ പങ്കളിയാകുമെന്ന നെതന്യാഹുവിന്‍റെ പ്രസ്താവനയെ അപലപിച്ചു


അബുദാബി: യുദ്ധത്തിനു ശേഷം ഗാസയുടെ ഭരണം ഇസ്രായേല്‍ ഏറ്റെടുക്കുമെന്നും ഭരണത്തില്‍ യുഎഇയും പങ്കാളിയാകുമെന്നുമുള്ള രീതിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈയിടെ നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ്.

ഇസ്രായേല്‍ അധിനിവേശത്തിന് കീഴിലുള്ള ഗാസ മുനമ്പിലെ സിവില്‍ ഭരണത്തില്‍ യുഎഇ പങ്കാളിയാകുന്നതിനെ കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പ്രസ്താവനകളെ യുഎഇ അപലപിക്കുന്നു,- ഷെയ്ഖ് അബ്ദുള്ള എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഇത്തരമൊരു തീരുമാനം എടുക്കാന്‍ ഇസ്രായേലിന് അധികാരമില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

‘ഗാസയില്‍ ഇത്തരമൊരു ഭരണകൂടം സ്ഥാപിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് നിയമപരമായ ഒരു അധികാരവുമില്ലെന്ന് യുഎഇ തറപ്പിച്ചു പറയുന്നു. ഗാസ മുനമ്പിലെ ഇസ്രായേല്‍ സാന്നിധ്യത്തിന് ന്യായീകരണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പദ്ധതിയുടെയും ഭാഗമാവാന്‍ യുഎഇ ഭരണകൂടത്തെ കിട്ടില്ല,’- അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി

ഹമാസിനെ പരാജയപ്പെടുത്തിയതിന് ശേഷം ഗാസയ്ക്ക് എന്ത് സംഭവിക്കുമെന്ന് ഒരു അമേരിക്കന്‍ ടോക് ഷോയുടെ അവതാരകന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയോട് ചോദിച്ചപ്പോഴായിരുന്നു ഈ രീതിയിലുള്ള പ്രതികരണമുണ്ടായത്. ‘നമുക്ക് ഒരു സിവിലിയന്‍ ഗവണ്‍മെന്റ് ഉണ്ടായിരിക്കണം. ഇസ്രായേലിന്റെ നാശത്തിന് പ്രതിജ്ഞാബദ്ധമല്ലാത്ത ഗാസ നിവാസികളുടെ ഒരു സിവില്‍ ഭരണം. ഒരുപക്ഷേ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, സ്ഥിരതയും സമാധാനവും കാണാന്‍ ആഗ്രഹിക്കുന്ന മറ്റ് രാജ്യങ്ങള്‍ എന്നിവയുടെ സഹായത്തോടെ.’ – എന്നായിരുന്നു നെതന്യാഹുവന്റെ മറുപടി.

ഈ പരാമര്‍ശത്തിന് മറുപടിയായാണ് ഷെയ്ഖ് അബ്ദുല്ലയുടെ എക്‌സ് പോസ്റ്റ്. ഗസ്സയുടെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്ന് യുഎഇ വിശ്വസിക്കുന്നതായി ഷെയ്ഖ് അബ്ദുല്ല പറഞ്ഞു. ‘സഹോദരരായ പലസ്തീന്‍ ജനതയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുകയും സമഗ്രതയും കഴിവും സ്വാതന്ത്ര്യവും ആസ്വദിക്കുകയും ചെയ്യുന്ന ഒരു പലസ്തീന്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍, ആ ഗവണ്‍മെന്റിന് എല്ലാത്തരം പിന്തുണയും നല്‍കാന്‍ യുഎഇ പൂര്‍ണ്ണമായും തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിനെ പൂര്‍ണമായും നശിപ്പിച്ച് നിലവില്‍ ഗാസയുടെ ഭരണം നടത്തുന്ന ഹമാസില്‍ നിന്ന് ഗാസയുടെ നിയന്ത്രണം തങ്ങള്‍ ഏറ്റെടുക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ അറബ് രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ അതിനെതിരേ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവരികയും ചെയ്തിരുന്നു. പലസ്തീനികള്‍ക്ക് സ്വതന്ത്രമായ ഒരു രാഷ്ട്രം അനുവദിച്ച് മാത്രമേ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കൂ എന്നാണ് അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിലപാട്. ഈയിടെ അമേരിക്കന്‍ ഭരണകൂടവും ഈ നിലപാടിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇതിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ഭരണകൂടം തയ്യാറായിട്ടില്ല.


Read Previous

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

Read Next

റിയാദ് റെസ്‌റ്റൊറന്റിലെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം കണ്ടെത്തി; ബോണ്‍ തും കമ്പനിയുടെ മയോണൈസ്, ഭക്ഷ്യവിഷബാധ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഊഹാപോഹങ്ങള്‍ക്ക് പിറകെ പോവരുതെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »