തൃശൂര്‍: ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനങ്ങളില്‍ ഉള്‍പ്പെട്ട കാറില്‍ നിന്നും ആയുധങ്ങള്‍ മാറ്റുന്നു എന്നവ കാശപ്പെട്ട് യുഡിഎഫ് ദൃശ്യങ്ങള്‍ പുറത്തു വിട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധം കണ്ടെത്തിയത് അതീവ ഗൗരവമേറിയതാണെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. സിപിഎം വ്യാപകമായി അക്രമത്തിന് ശ്രമിക്കുകയാണ്. എത്ര സ്ഥലങ്ങളില്‍ ഇതുപോലെ ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തണമെന്നും രമ്യ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ദൃശ്യങ്ങളില്‍ കാണുന്നവരെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. പുറത്തു വന്ന ദൃശ്യങ്ങളുടെ വിവരങ്ങള്‍ അറിയാനാണ് വിളിപ്പിച്ചതെന്ന് ചേലക്കര പൊലീസ് വ്യക്തമാക്കി. ഇതെല്ലാം പണിയായുധങ്ങള്‍ ആണെന്നാണ് ദൃശ്യത്തിലുള്ള ഇടതുപ്രവര്‍ത്തകര്‍ പറയുന്നത്. ഫ്ളക്സ് കെട്ടാന്‍ പോയ ശേഷം മടങ്ങിവരവെ വണ്ടിയിലുണ്ടായിരുന്ന പണിയായുധങ്ങള്‍ മാറ്റിവെച്ചതാണ്. ഇതില്‍ ഒളിക്കാന്‍ ഒന്നുമില്ലെന്നും ഇടത് പ്രവര്‍ത്തകര്‍ പറയുന്നു.
ആയുധം കണ്ടെത്തിയ സംഭവത്തില്‍ ബന്ധമില്ലെന്നും അവരെ അറിയില്ലെന്നും സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ആയുധ പരിശീലനമോ, ആയുധം കൊണ്ടു നടക്കുന്ന രീതിയോ ഞങ്ങള്‍ക്കില്ല.ബാലറ്റ് യുദ്ധമാണ് നടക്കുന്നത്. അല്ലാതെ ആയുധ യുദ്ധമല്ല. എന്താണെന്നുള്ളത് പൊലീസ് അന്വേഷിക്കട്ടെയെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.